Categories: Kerala

പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ നരകജീവിതം; പരാതിപ്പെട്ടാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; പ്രതിഷേധിച്ച് ബിജെപി; കേസ് എടുത്ത് പോലീസ്

വസ്ത്രം മാറുന്നത് സമീപവാസികള്‍ക്ക് കാണാമെന്ന് പെണ്‍കുട്ടികള്‍ പരാതിപറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഉടമയുടെ ഭീഷണി പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍; കേസ് എടുത്ത് പോലീസ്

Published by

കൊച്ചി: നിന്ന് തിരിയാന്‍ സ്ഥലമില്ല, വസ്ത്രം മാറുന്നത് സമീപത്തെ കെട്ടിടത്തില്‍ നിന്ന് നോക്കിയാല്‍ കാണാം, നല്ല ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി… പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന എയിംഫിലിം എന്ന സ്ഥാപനത്തിലെ പെണ്‍കുട്ടികളുടെ പരാതിയാണിത്. മുഹമ്മദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.  

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 112 പെണ്‍കുട്ടികളാണ് സ്ഥാപനത്തില്‍ പഠിക്കുന്നത്. ദീന്‍ ദയാല്‍ ഉപാധ്യായ അഥവാ ഡിഡിയു എന്ന് പറയുന്ന സ്‌കീമിന് കീഴില്‍ ഏവിയേഷന്‍ കോഴ്‌സ് പഠിക്കുന്ന സ്ഥാപനത്തിന്റെ ഉടമയ്‌ക്ക് എതിരെയാണ് ഗുരുതര ആരോപണവുമായി പെണ്‍കുട്ടികള്‍ എത്തിയിരിക്കുന്നത്.

വൃത്തിയുള്ള ഭക്ഷണമോ, താമസ സൗകര്യമോ ഇല്ലെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ നല്‍കിയ ഭക്ഷണം കഴിച്ച നാലുപേര്‍ ആശുപത്രിയിലാണ്. മൂന്ന് നിലകെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇതില്‍ തന്നെയാണ് ക്ലാസുകളും താമസ സൗര്യവും ഒരുക്കിയിരിക്കുന്നത്. 112 പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലെ ജനലുകളില്‍ കര്‍ട്ടണ്‍ പോലും സ്ഥാപിക്കാന്‍ ഉടമ തയ്യാറായിട്ടില്ല. വസ്ത്രം മാറുന്നത് സമീപ കെട്ടിടങ്ങളില്‍ ഉള്ളവര്‍ കാണുമെന്ന് സ്ഥാപനം ഉടമയോട് പരാതി പറഞ്ഞപ്പോള്‍ തങ്ങളെ കഞ്ചാവ് കേസില്‍ പെടുത്തുമെന്ന് ഉടമ ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പാലാരിവട്ടം പോലീസ് കേസ് എടുത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന സ്ഥാപനത്തിന് മറവില്‍ വലിയ ക്രമക്കേടുകളാണ് നടക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. രണ്ടുലക്ഷം രൂപവരെയാണ് ഒരു കുട്ടിക്ക് കേന്ദ്ര സര്‍ക്കാര്‍ ഡിഡിയു പദ്ധതി പ്രകാരം പഠനത്തിലേക്കും താമസ സൗകര്യത്തിനുമായി നല്‍കുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ ബിജെപി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം രാത്രിയില്‍ എത്തിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by