കാബുള്‍: പാക്കിസ്ഥാന് സര്‍ക്കാരുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ച് തെഹ്രീക്-ഇ-താലിബാന് പാക്കിസ്ഥാന് (ടിടിപി) പ്രഖ്യാപനത്തനു പിന്നാലെ സര്‍ക്കാരിനെതിരെ ആക്രമണങ്ങള്‍ ആരംഭിക്കാനും പാക്ക് താലിബാന് ആഹ്വാനം ചെയ്തു. പാക്കിസ്ഥാന് സര്‍ക്കാരുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയ ഒരു മാസത്തെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടില്ലെന്നാണ് നിരോധിത ഭീകര സംഘടനയായ പാക്ക് താലിബാന്റെ പ്രഖ്യാപനം.
ഏകദേശം പത്തിനഞ്ചുവര്ഷത്തിനുമേലെയായി രാജ്യത്തിനെതിരെ പോരാടുന്ന ഭീകരവാദ സംഘമായ ടിടിപിയുമായി സമാധാന കരാര്‍ ഉറപ്പിക്കാനുള്ള പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നിലവിലെ പ്രഖ്യാപനം. അഫ്ഗാനു സമാനമായ ഒരു അവസ്ഥ പാക്കിസ്ഥാനിലും സൃഷ്ടിച്ച് ഇമ്രാന് ഖാന് സര്‍ക്കാരിനെ താഴെയിറക്കാനാണ് പാക്ക് താലിബാന് ശ്രമിക്കുന്നത്തെന്നാണ് റിപ്പോര്‍ട്ട്.
തങ്ങളുടെ അനുയായികളുടെ ജയില്‍ മോചനം ഉള്‍പ്പെടെയുള്ള തീരുമാനങ്ങളില്‍ ഇമ്രാന് സര്‍ക്കാര്‍ മുഖം തിരിച്ചു. അതിനാല്‍ 2021 ഒക്ടോബര്‍ 25ന് ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ’ (ഐഇഎ) കീഴില്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ ലംഘിക്കുന്നതായും ഭീകരര്‍ അറിയിച്ചു. കരാര്‍ പ്രകാരം 2021 നവംബര്‍ 1 മുതല്‍ നവംബര്‍ 30 വരെ ഒരു മാസത്തെ വെടിനിര്‍ത്തല്‍ ആചരിക്കാനും സര്‍ക്കാര്‍ 102 തടവുകാരെ മോചിപ്പിക്കുമെന്നും അവരെ ഐഇഎ വഴി ടിടിപിക്ക് കൈമാറുമെന്നും ഇരുപക്ഷവും സമ്മതിച്ചിരുന്നു.
എന്നാല്‍ ഭീകരരുടെ മോചനം നടന്നിട്ടില്ല എന്നാണ് ടിടിപി ആരോപിക്കുന്നത്. 2014 ല്‍ 150 പേരിലേറെ കൊല്ലപ്പെട്ട പെഷവാര്‍ സൈനിക സ്കൂള്‍ ആക്രമമുള്പ്പെടെ പാക്കിസ്ഥാന് സുരക്ഷാ സേനയ്ക്കും സാധാരണക്കാര്‍ക്കുമെതിരെ നടന്ന നിരവധി വലിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പാക്ക് താലിബാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: