തൃശൂര്‍: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ. പ്രദീപിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. അദ്ദേഹം പഠിച്ച പുത്തൂര്‍ സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. പ്രദീപിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സ്കൂള്‍ പരിസരത്ത് വന്‍ ജനാവലി തടിച്ചുകൂടിയിട്ടുണ്ട്.
വിലാപയാത്രയായി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് പ്രദീപിന്റെ മൃതദേഹം സുലൂരില്‍ നിന്നും തൃശൂരില്‍ എത്തിച്ചത്. മന്ത്രിമാരായ കെ.രാജനും കെ. കൃഷ്ണന് കുട്ടിയുമാണ് വാളയാറില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി വി. മുരളീധരനും വാഹനവ്യൂഹത്തെ അനുഗമിച്ചിരുന്നു. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
ദൽഹിയിൽ നിന്നും 11 മണിയോടെ സുലൂർ വ്യോമത്താവളത്തിലെത്തിച്ച ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാർഗമാണ് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്. വഴിനീളെ നാട്ടുകാർ പ്രദീപിന് ആദരാഞ്ജലിയർപ്പിക്കാൻ കാത്തുനിൽക്കുകയായിരുന്നു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര് കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: