നിയമനപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കായിക താരങ്ങള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഡിസംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല സമരത്തിലാണ്. തങ്ങളുടെ ന്യായമായ ആവശ്യത്തില്‍ തീരുമാനമെടുക്കുകയോ ചര്‍ച്ചയ്ക്ക് വിളിക്കുകയോ ചെയ്യാതെ സര്‍ക്കാര്‍ വഞ്ചിച്ചതാണെന്ന് ആരോപിച്ച് സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കായികതാരങ്ങള്‍. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയുന്ന കായിക വകുപ്പ് മന്ത്രി വി. അബ്ദുള്‍ റഹ്മാന് അതിന് തയ്യാറാവാത്തതും, മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചപ്പോള്‍ ആലോചിച്ചശേഷം ചര്‍ച്ചയ്ക്കു വിളിക്കാമെന്ന നിഷേധാത്മക മറുപടി ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടായതും സമരക്കാരുടെ രോഷം വര്‍ധിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ശത്രുതാപരമായ സമീപനത്തില്‍ പ്രതിഷേധിച്ച് സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി താരങ്ങള്‍ തല മുണ്ഡനം ചെയ്തും പ്രതിഷേധിക്കുകയുണ്ടായി. ഇക്കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തങ്ങളുടെ നിയമനം സംബന്ധിച്ച തീരുമാനങ്ങളൊന്നും ഉണ്ടാകാതിരുന്നതിനാലാണ് ഇങ്ങനെയൊരു സമരമുറയിലേക്ക് താരങ്ങള്‍ കടന്നത്. ദേശീയ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തവരടക്കം എണ്‍പതിലേറെ താരങ്ങളാണ് സര്‍ക്കാരിന്റെ കനിവുതേടി സമരരംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരായത്. നൂറു ശതമാനവും അര്‍ഹമായ ആവശ്യങ്ങളുന്നയിക്കുന്ന കായികതാരങ്ങളെ അപമാനിക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് അംഗീകരിക്കാനാവില്ല.
കായിക താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ്. വിജയത്തിളക്കത്തിന്റെ താരപരിവേഷത്തില്‍ നില്ക്കാറുള്ള അവരില്‍ പലരുടെയും യഥാര്‍ത്ഥ ജീവിത ചുറ്റുപാടുകള്‍ വളരെ ശോചനീയമായിരിക്കും. മത്സരത്തില്‍ പങ്കെടുത്ത് നേടിയ മെഡലുകള്‍ ഒരു ഭാരമായിത്തീര്‍ന്ന് ജീവിതം തള്ളിനീക്കാനാവാതെ കഷ്ടപ്പെടുന്ന താരങ്ങള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. അവഗണനയുടെ പടുകുഴിയില്‍ നിന്ന് ജീവിതം തന്നെ അവസാനിപ്പിച്ചവരും ഇക്കൂട്ടത്തിലുണ്ടല്ലോ. ഒരിക്കല്‍ ആഘോഷത്തോടെ വരവേറ്റിരുന്നവരെ പിന്നീട് അധികൃതര്‍ തിരിഞ്ഞുനോക്കാത്തതിന്റെ തിക്തഫലമാണിത്. ഇപ്പോള്‍ ഒരു ജോലിക്കുവേണ്ടി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിനെത്തിയിരിക്കുന്നവര്ക്കിടയിലുമുണ്ട് കണ്ണീരു തോരാത്തവര്‍. ചെമ്മീന്‍ നുള്ളി ജീവിക്കുന്നവര്‍ പോലും ഇതില്‍പ്പെടുന്നു. പലരും ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റിയവരാണ്. സര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കുന്ന ഈ ജോലിയല്ലാതെ മറ്റൊരു മാര്‍ഗവും തങ്ങള്‍ക്കു മുന്നിലില്ല എന്നാണ് ഇവര്‍ പറയുന്നത്. കഷ്ടപ്പാടുകളുടെ ട്രാക്കിലൂടെ മാത്രം ഓടി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരെ കണ്ടില്ലെന്നു നടിക്കാന്‍ ഒരു സര്‍ക്കാരിനുമാവില്ല. മറ്റാരുടെയെങ്കിലും അവകാശങ്ങള്‍ തട്ടിപ്പറിക്കാനല്ല കായികതാരങ്ങളുടെ സമരം. സര്‍ക്കാരിന്റെ തന്നെ തീരുമാനം നടപ്പാക്കണമെന്നാണ് ആവശ്യം. ഇത് നേടിയെടുക്കാന്‍ മരണംവരെ സമരം ചെയ്യേണ്ടി വന്നാലും പിന്നോട്ടുപോകില്ലെന്ന ഉറച്ച നിലപാടിലാണ് താരങ്ങള്‍. കായികതാരങ്ങള്‍ക്ക് അര്‍ഹമായ ജോലി നല്കുമെന്നു പറയുന്ന വകുപ്പ് മന്ത്രി അത് എപ്പോഴാണെന്നു മാത്രം പറയാതെ ഒഴിഞ്ഞുമാറുകയാണ്. ഉദ്യോഗാര്‍ത്ഥികളായ പല താരങ്ങളും മുപ്പത് വയസ്സ് കഴിഞ്ഞവരാണെന്ന കാര്യം കൂടി കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാരിന്റെ അനാസ്ഥ മനുഷ്യത്വ വിരുദ്ധമാണെന്നുകൂടി പറയേണ്ടി വരുന്നു.
യഥാര്‍ത്ഥത്തില്‍ കായികതാരങ്ങളുടെ ഈ സമരം വഞ്ചനയുടെ തുടര്‍ക്കഥയാണ്. പിഎസ്സി റാങ്ക് ലിസ്റ്റില്‍ പേരുള്ള തങ്ങള്‍ക്ക് ജോലി നല്‍കണമെന്നും, കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ട് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു. 500 ലേറെ കായികതാരങ്ങള്‍ക്ക് ജോലി നല്‍കിയെന്ന് കഴിഞ്ഞ സര്‍ക്കാരില്‍ കായിക മന്ത്രിയായിരുന്ന ഇ.പി. ജയരാജന് പറഞ്ഞത് വലിയ വിവാദത്തിനിടയാക്കിയതാണ്. ഇത് വെറും അവകാശവാദം മാത്രമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങിയത്. സമരത്തോട് യാതൊരുവിധ അനുഭാവവും കാണിക്കാതെ ഉദ്യോഗാര്‍ത്ഥികളെ നിന്ദിച്ച സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ചര്‍ച്ചയ്ക്ക് വിളിച്ച് സമരം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് വീണ്ടും അധികാരത്തിലേറിയതോടെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍നിന്നും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്കിയ ഉറപ്പില്‍നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോയി. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരിന് ഇടനിലനിന്ന സിപിഎമ്മിന്റെ യുവജന നേതാക്കളെയൊന്നും പിന്നീട് കണ്ടിട്ടില്ല. ഒരു വശത്ത് നിയമന നിരോധനം ഏര്‍പ്പെടുത്തുക. മറുവശത്ത് റാങ്കുലിസ്റ്റുകളുടെ കാലാവധി തീരാന്‍ അനുവദിക്കുക. ഇതിനിടയില്‍ വേണ്ടപ്പെട്ടവര്‍ക്ക് പിന്‍വാതില്‍ നിയമനം നടത്തുകയും, പാര്‍ട്ടിയുടെ താല്പര്യം സംരക്ഷിക്കാന്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുകയും ചെയ്യുക. ഇതാണ് പിണറായി സര്‍ക്കാരിന്റെ നയം. ഈ നയം മാറ്റിയേ തീരൂ. അര്‍ഹതപ്പെട്ടത് നിഷേധിക്കുന്നതിനെതിരെ സമരം ചെയ്യുന്ന കായിക താരങ്ങളുടെ ആവശ്യങ്ങള്‍ എത്രയും വേഗം അംഗീകരിച്ചുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. വിശ്വാസവഞ്ചന തുടര്‍ന്നാല്‍ യുവജനങ്ങളില്‍നിന്ന് കനത്ത തിരിച്ചടിയുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: