പൊന്‍കുന്നം: മനുഷ്യന്റെ പ്രതിരോധശേഷി പരീക്ഷിക്കപ്പെടുന്ന കാലത്ത് ആന്റി ഓക്സിഡന്റുകളാല്‍ സമൃദ്ധമായ ഡ്രാഗന്‍ഫ്രൂട്ട് കൃഷി മലയോരമേഖലയില്‍ വ്യാപിക്കുന്നു. കര്‍ഷകര്‍ താത്പര്യത്തോടെ ചെയ്തു തുടങ്ങിയ കൃഷിക്ക് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനാണ് പിന്തുണയുമായെത്തുന്നത്. സ്വകാര്യ നേഴ്സറികളില്‍ നൂറുരൂപ വിലയുള്ള തൈ സബ്സിഡിയോടെ 25 രൂപയ്ക്കാണ് കര്ഷകരിലേക്കെത്തുന്നത്. നാലുതൈകളുടെ യൂണിറ്റാണ് 100 രൂപയ്ക്ക് ലഭ്യമാക്കുന്നത്.
ജില്ലയില്‍ ഈ വര്‍ഷം നൂറ് ഏക്കറില്‍ പുതുകൃഷി തുടങ്ങുന്നതിനാണ് കൃഷിവകുപ്പ് സഹായം ഒരുക്കുന്നത്. രണ്ടര ഏക്കറില്‍ 3000 തൈകള്‍ നടുന്നതിന് കഴിയും. കുറഞ്ഞ അളവില്‍ കൃഷി ചെയ്യുന്നവര്‍ക്കും നടീല്‍ വസ്തുക്കള്‍ നല്‍കും. കൃഷി രീതികള്‍ കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി നല്‍കും. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഉറപ്പാക്കും. താല്‍പ്പര്യമുള്ള കര്‍ഷകര്‍ സ്വന്തം കൃഷിഭവനിലെത്തി അപേക്ഷ നല്‍കണമെന്ന് സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ചുമതലയുള്ള കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ലിസി ആന്റണി അറിയിച്ചു.ആരോഗ്യദായകമായ ഈ പഴംവിറ്റാമിന് സി, ആന്റി ഓക്സിഡന്റുകള്‍, മഗ്നീഷ്യം എന്നിവയാല്‍ സമൃദ്ധമാണ് ഡ്രാഗന്‍ഫ്രൂട്ട്. ഫൈബര്‍ കൂടുതലുള്ളതിനാല്‍ ഡയബറ്റിക് രോഗികള്‍ക്കും കഴിക്കാവുന്നതാണ്. ആന്തോസയാഹിന് കൂടുതലായി ഉള്ളതിനാല്‍ കണ്ണിന്റെ കാഴ്ച വര്‍ധിപ്പിക്കുന്നതിന് സഹായകരമാണ്.
കൃഷിരീതി നട്ട് രണ്ടാം വര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങും. പഴമൊന്നിന് 200 ഗ്രാം മുതല്‍ ഒരു കിലോ വരെ തൂക്കമുണ്ടാകും. താങ്ങുകാലുകളായി കോണ്‍ക്രീറ്റ് തൂണുകളോ വേലിക്കല്ലുകളോ ഉപയോഗിക്കാം. ശരിയായി സംരക്ഷിക്കുന്നതിന് പഴയ ടയര്‍ പിടിപ്പിച്ച് സുന്ദരമാക്കാം.
നിലവില്‍ പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, കൊഴുവനാല്‍, കൂരോപ്പട, വാഴൂര്‍ പ്രദേശങ്ങളില്‍ ഈ പുതുവിളയുടെ കൃഷി വ്യാപിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: