ന്യൂദല്‍ഹി: ഹലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ദല്‍ഹി കാന്റില്‍ ശ്മശാനത്തില്‍ സംസ്കരിക്കും. മറ്റ് സൈനികരുടെ മൃതദേഹങ്ങള്‍ ജന്മനാടുകളിലേക്ക് കൊണ്ടുപോകും
റാവത്തിന്റെ മൃതദേഹം രാവിലെ ദല്‍ഹിയിലെ വസതിയില്‍ എത്തിച്ചു. 11.30 മുതല്‍ പൊതുദര്‍ശനം. ഒരു മണിക്കൂര്‍ പൊതുജനങ്ങള്‍ക്കും ഒരു മണിക്കൂര്‍ സൈനികര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കും. 1.30 ന് ശേഷം ഡല്‍ഹി കാന്റിലെ ശ്മശാനത്തില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്കാരം.
രാത്രി എട്ട് മണിയോടെയാണ് പാലം വിമാനത്താവളത്തില്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെയും സഹപ്രവര്‍ത്തകരുടെയും മൃതദേഹം വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തിച്ചത്.സൈനികരുടെ കുടുംബാംഗങ്ങള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. പ്രിയപ്പെട്ടവര്‍ക്ക് കുടുംബാംഗങ്ങള്‍ കണ്ണീരോടെ വിടചൊല്ലി.
കരസേനാ മേധാവി ജനറല്‍ എം.എം.നരവനെ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്.ഹരികുമാര്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.കെ. ചൗധരി എന്നിവര്‍ സംയുക്ത സേനാ മേധാവിക്ക് സല്യൂട്ട് നല്കി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പിന്നാലെയെത്തി. ഒന്‍പതു മണിയോടെയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ഓരോ പേടകത്തിനും മേല്‍ പൂക്കള്‍ വിതറി. സേനാംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്കു മുന്നില്‍ കൂപ്പുകൈകളോടെ നിന്ന അദ്ദേഹം അവരെ ആശ്വസിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: