ബെയ്ജിംഗ്: മനുഷ്യാവകാശ പ്രശ്നം മൂലം ബെയ്ജിംഗ് ശീതകാല ഒളിമ്പിക്സ് ബഹിഷ്കരിച്ച അമേരിക്കയുടെ നീക്കത്തെ വിമര്‍ശിച്ച് ചൈന. ഇതിന്റെ പേരില്‍ അമേരിക്ക വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ പറഞ്ഞു.
ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശലംഘനം ചൂണ്ടിക്കാട്ടിയാണ് യുഎസ് ശീതകാല ഒളിമ്പിക്സ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. ഉയ്ഗുര് മുസ്ലിങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനം, ചൈനയുടെ ടെന്നീസ് താരം പെംഗ് ഷൂവായിയ്ക്കെതിരായ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നീക്കം, ഹോങ്കോങിലെയും തയ് വാനിലെയും മനുഷ്യാവകാശലംഘനങ്ങള്‍ എന്നിവയാണ് യുഎസിനെ ചൈനയില്‍ നടക്കാന്‍ പോകുന്ന ശീതകാല ഒളിമ്പിക്സ് ബഹിഷ്കരിക്കാന്‍ പ്രേരിപ്പിച്ചത്.
‘നുണകളും കിംവദന്തികളും അടിസ്ഥാനമാക്കിയ ആശയപരമായ മുന്‍വിധികള്‍ മൂലമാണ് യുഎസിന്റെ ഈ തീരുമാനം. ഇത് അമേരിക്കയുടെ ദുരുദ്ദേശം മാത്രമാണ് പുറത്തുകൊണ്ടുവരിക,’- സാവോ ലിജിയാന്‍ പറഞ്ഞു.
രാഷ്ട്രീയ പ്രകടനങ്ങളും ചൂഷണങ്ങളും നടത്താനുള്ള വേദിയല്ല ശീതകാല ഒളിമ്പിക്സെന്നും ചൈന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: