ന്യൂദല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും മറ്റ് സായുധ സേനാംഗങ്ങളെയും നിര്യാണത്തില്‍ അനുശോചിച്ച് വിദേശരാജ്യങ്ങളും. അമേരിക്കയും, റഷ്യയും ബ്രിട്ടണും, ഫ്രാന്‍സും, യൂറോപ്യന്‍ യൂണിയനും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ ജനതയുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് പെന്റഗണ്‍ പ്രതികരിച്ചു. സംഭവം അതീവ ദുഖകരമെന്ന് ഐക്യരാഷ്ട്രസഭ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
തമിഴ്നാട്ടില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി യുഎസ് എംബസി അറിയിച്ചു. ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന നിലയില്‍ ജനറല്‍ റാവത്ത് ഇന്ത്യന്‍ സൈന്യത്തില്‍ ചരിത്രപരമായ പരിവര്‍ത്തനത്തിന് നേതൃത്വം നല്കി. യുഎസുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണത്തിന്റെ പ്രധാന വിപുലീകരണത്തിന് മേല്‍നോട്ടം വഹിച്ച അദ്ദേഹം അമേരിക്കയുടെ ശക്തമായ സുഹൃത്തും പങ്കാളിയുമായിരുന്നു. സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായുള്ള സൈനിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി അദ്ദേഹം അഞ്ച് ദിവസം അമേരിക്കയില്‍ ഉടനീളം യാത്ര ചെയ്തു. അദ്ദേഹത്തിന്റെ പാരമ്പര്യം തുടരും. ഞങ്ങളുടെ ചിന്തകള്‍ ഇന്ത്യന്‍ ജനതയ്ക്കും ഇന്ത്യന്‍ സൈന്യത്തിനുമൊപ്പമാണ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് പൂര്‍ണ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും യുഎസ് എംബസി സന്ദേശത്തില്‍ പറഞ്ഞു.
ബിപിന്‍ റാവത്തിന്റെയും മറ്റ് 12 പേരുടെയും നിര്യാണത്തില്‍ ഭൂട്ടാന് പ്രധാനമന്ത്രി അനുശോചിച്ചു. സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 വിലയേറിയ ജീവന് അപഹരിച്ച ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് അറിയുന്നത് ഹൃദയഭേദകമാണ്. ഭൂട്ടാനിലെ ജനങ്ങളും ഞാനും ഇന്ത്യക്കും ദുഃഖിതരായ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: