ഡോ. ആര്. ഗോപിനാഥന്
(പ്രമുഖ ചരിത്രകാരനാണ് ലേഖകന്‍)
സ്ഥിരമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ചരിത്രകാരനായ ഒരു സുഹൃത്ത് ചെമ്പോല വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കവേ എന്നോട് പറഞ്ഞു: ”ഇവിടത്തെ ചാനല്‍ പ്രവര്ത്തകര്ക്കൊന്നും ഒരു വിവരവുമില്ല. പലപ്പോഴും അവരെ സഹിക്കാന്‍ തന്നെ പറ്റില്ല. അതുകൊണ്ട് ഞാനിപ്പോള്‍ സ്റ്റുഡിയോകളില്‍ പോകാറില്ല; വീട്ടില്‍ വന്ന് അര മണിക്കൂര്‍ ഇന്റര്‍വ്യൂ ചെയ്തിട്ട് നാലോ അഞ്ചോ വാക്യം -അതും നമ്മള് സാന്ദര്‍ഭികമായി പറയുന്നത്-എടുത്ത് ആ വിഷയത്തെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായമായി നല്‍കും. അവര്‍ക്ക് നാം പറയുന്നത് മനസ്സിലാക്കാന്‍ പോലും കഴിവില്ല, അതാണ് പ്രശ്നം.” ഇത് സത്യമല്ലെന്ന് ചാനല്‍ ചര്‍ച്ചകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ആരും പറയില്ലെങ്കിലും പ്രശ്നം അത്ര ലളിതമല്ല.
മാധ്യമങ്ങള്‍ രണ്ട് മൂന്ന് ദശകങ്ങളിലൂടെ അവശ്യം പുലര്‍ത്തിയിരുന്ന വസ്തുനിഷ്ഠത, ജനങ്ങളോടുള്ള പ്രതിബദ്ധത, സത്യസന്ധത, മാധ്യമ ബോധം എന്നിവ നഷ്ടപ്പെട്ട് ഇന്ന് സ്ഥാപനത്തിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും പണമുണ്ടാക്കാനായി, നിക്ഷിപ്ത താല്‍പ്പര്യങ്ങളുമായി വിവിധതരം ഗൂഢാലോചനകളില്‍ വ്യാപൃതരാണ്. മാധ്യമ പ്രവര്‍ത്തനത്തോടുള്ള അഭിരുചികൊണ്ടല്ല പലരും ഈ തൊഴില്‍ മേഖലയിലേക്ക് കടന്നുവന്നിട്ടുള്ളത്. താഴെത്തട്ടില്‍ പ്രവര്‍ത്തിക്കാതെ രാഷ്ടീയത്തില്‍ കടന്നുകൂടി മന്ത്രിയും എംപിയും എംഎല്‍എയുമൊക്കെ ആകാനും, സിനിമാ മേഖലയില്‍ കടന്നുകൂടാനും, അധികാരസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഇടനിലക്കാരായി നിന്ന് പണമുണ്ടാക്കാനുമുള്ള കുറുക്കുവഴിയായി നാലാം തൂണ് ഉപയോഗിക്കപ്പെടുകയാണ്.
അതിനുമപ്പുറം രാജ്യതാല്‍പ്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദ ശക്തികളില്‍ നിന്ന് വന്‍തോതില്‍ പണംപറ്റി രാജ്യ വിരുദ്ധമായ വ്യാജ പ്രചാരണം നിരന്തരം അഴിച്ചുവിടുന്നതും, സാമൂഹിക ജീവിതത്തിന്റെ അടിത്തറ തകര്‍ക്കാന്‍ സഹായകമായ വിധത്തില്‍ ചെറുതും വലുതുമായ സംഭവങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നതും വ്യക്തമായ ഒരു അജണ്ടയുടെ ഭാഗമാണ്. എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ഇവര്‍ക്ക് പണവും പാരിതോഷികങ്ങളും കൊടുക്കുന്നുണ്ടെന്ന കാര്യം, ചില ചാനല്‍ പ്രവര്‍ത്തകരുടെ പേരെടുത്ത് പറഞ്ഞിട്ടും ബന്ധപ്പെട്ടവരാരും നിഷേധിച്ചിട്ടില്ല.
മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ വേണ്ട ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. ഏറ്റവും ഒടുവിലത്തെ ചില വാര്‍ത്തകള്‍ നോക്കുക. തട്ടിപ്പുകാരന് മോന്‍സനും പൈതൃക പഠനകേന്ദ്രവുമായി നടന്ന ഗൂഢാലോചനയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയുണ്ടായിരുന്നതിനാല് കൂട്ടുപ്രതികള്‍ക്ക് സംരക്ഷണം കിട്ടി. രാഘവവാര്യര്‍ക്ക് പുനര്‍നിയമനവും. ഇത്തരം പുനര്‍നിയമനങ്ങള്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ സാധാരണമായിട്ടും ഒരു മാധ്യമത്തിനും അതൊരു അഴിമതിയായി തോന്നുന്നില്ല. സിപിഎം ഇടതുപക്ഷത്തിന്റെ പേരില്‍ സംഘടിപ്പിച്ച നവോത്ഥാന വനിതാ മതിലിന്റെ ഫലമായി പല പെണ്‍കുട്ടികളും-സ്ത്രീകളും പ്രത്യേകിച്ച് സിപിഎം ബന്ധമുള്ള വിദ്യാര്‍ഥിനികളും യുവതീ യുവാക്കളും സ്ത്രീകളും-കുടുംബ ബന്ധങ്ങളെക്കാള്‍ കേമം വിവാഹേതര ബന്ധങ്ങളാണെന്ന് വിശ്വസിച്ച് അത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു. പല നേതാക്കളും അത് മുതലെടുക്കുകയും ചെയ്യുന്നുണ്ട്. അത് അറിഞ്ഞാലും പാര്‍ട്ടിക്കാരെ പേടിച്ച് വീട്ടുകാര്‍ക്ക് അതിനെതിരെ മിണ്ടാനാകുന്നില്ല. അതിന്റെ പ്രതീകമായ ഒരു പെണ്‍കുട്ടി വീരനാ യികയുടെ പരിവേഷമണിഞ്ഞ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നല്ലോ. എന്നാല്‍, അതിന് സാഹചര്യമൊരുക്കുകയും, ഭരണസംവിധാനത്തെ നിയമ വിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്ത രാഷ്ട്രീയ കേന്ദ്രങ്ങളെയും അതുണ്ടാക്കിയ സാമൂഹികവും കുടുംബപരവുമായ അരക്ഷിതാവസ്ഥയെയും പറ്റി ഒരക്ഷരം മിണ്ടുന്നില്ല.
ഇതിനോടൊപ്പം ചേര്‍ത്തുവച്ചു കാണേണ്ടതാണ് എറണാകുളത്ത് ഡിജെ പാര്‍ട്ടിയുടെ തുടര്‍ച്ചയായി രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം. അതിന്റെ പിന്നിലെ ക്രിമിനല്‍ സംഘങ്ങളെ സംരക്ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമവും മാധ്യമ വാര്‍ത്തകളില്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. മറിച്ച്, സ്ത്രീധനത്തിന്റെ പേരില്‍ പീഡനമേറ്റ നിരവധി യുവതികളുടെ പരാതികളില്‍ വനിതാ കമ്മീഷനും പോലീസും പീഡകര്‍ക്കൊപ്പം നില്ക്കുന്നതിനാല് ആത്മഹത്യ ചെയ്യേണ്ടി വന്ന നിസ്സഹായരായ യുവതികളുടെ പേരില്‍ ബന്ധപ്പെട്ട അധികാരികളോ സര്‍ക്കാരോ മാധ്യമ വിചാരണയ്ക്ക് വിധേയമായിട്ടുണ്ടോ? അവിടെല്ലാം സര്‍ക്കാര്‍ വക്താക്കളായി ഇവര്‍ വേഷം കെട്ടുന്നു.
വടക്കേ ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങളുടെ പേരില്‍ കേരളത്തില്‍ കോലാഹലമുണ്ടാക്കുന്ന മാധ്യമങ്ങളും സാംസ്കാരിക നായകരും ഈ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമല്ല, പാലക്കാട്ട് എസ്ഡിപിഐ ഭീകരവാദികള്‍ പച്ചയ്ക്ക് പട്ടാപ്പകല്‍ കൊന്നുതള്ളിയ യുവാവിനും കുടുംബത്തിനും വേണ്ടി ഒരക്ഷരം മിണ്ടിയൊ? ബിജെപി പ്രവര്‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരും കൊല്ലപ്പെടേണ്ടവരാണെന്ന്, വിദേശ ധനസഹായം കൈപ്പറ്റുന്ന മതഭീകര വാദികളുടെ ചാനലും പത്രവും കരുതുന്നതുപോലെ, മതേതരമെന്ന ബാനര്‍ നെറ്റിയില്‍ ഒട്ടിച്ചു നടക്കുന്ന മറ്റു മാധ്യമങ്ങളും കരുതുന്നുവെങ്കില്‍ അതിന്റെ കാരണമെന്താണ്?
മതേതരത്വമെന്നാല്‍ ഇസ്ലാമിക ഭീകരവാദമെന്നാണോ ഇവര്‍ കരുതുന്നത്? ഇത് അധികാര സേവയും ധനാര്‍ത്തിയും ചേര്‍ന്ന ഒരു വിഷപ്രയോഗമാണ്. അതിന്റെ ഫലമായല്ലേ പൊതുധാരാ മുസ്ലിങ്ങളുടെ ജീവിതത്തെപ്പോലും അസ്വസ്ഥമാക്കിക്കൊണ്ട് ഇസ്ലാമിക ഭീകരവാദികളുടെ വിവിധ സംഘങ്ങള്‍ കേരളം മുഴുവന്‍ കൊലവിളിയുമായി അഴിഞ്ഞാടുന്നത്? അതിന്റെ രാഷ്ട്രീയമായ തുടര്‍ച്ചയാണ് കേരള ലളിതകലാ അക്കാദമി കൊടുത്ത കാര്‍ട്ടൂണ്‍ അവാര്‍ഡിലും കാണുന്നത്. അതിലും ഈ വിഷലിപ്തമായ ആശയമാണുളളത്. ശങ്കറും ബി.എം. ഗഫൂറും അടക്കമുള്ളവരുടെ കാര്ട്ടൂണുകള് കണ്ടിട്ടുള്ളവര്ക്കെല്ലാമറിയാം ഈ അവാര്‍ഡ് നേടിയ കോപ്പിരാട്ടി ഒരു കാര്‍ട്ടൂണായി പോലും ഗണിക്കപ്പെടാന്‍ അര്‍ഹതയുള്ളതല്ലെന്ന്. അത് ഇവിടത്തെ മാധ്യമ സംസ്കാരത്തെയും ലക്ഷ്യത്തെയും തുറന്നുകാട്ടുന്നുണ്ട്. പണം കൊടുക്കുന്നവരുടെ ഏജന്‍സികളായി മാറി പല മലയാള മാധ്യമങ്ങളും കേരളത്തിന്റെ പൊതുബോധത്തെ അപമാനിക്കുകയാണ്. സാമൂഹിക വിപത്തിന്റെ വിത്തുകളാണ് അവ വിതയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: