മണ്ഡല പൂജയ്‌ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര 22ന് രാവിലെ ഏഴിന് ആറന്മുള ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന 25നും മണ്ഡല പൂജ 26നും നടക്കും. ഘോഷയാത്രയ്‌ക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും.
22ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്‌ക്ക് ചാര്‍ത്താനായി നടയ്‌ക്കു വച്ചതാണ് തങ്ക അങ്കി. 23ന് രാവിലെ 8ന് ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രത്തില്‍ നിന്നും അന്നേദിവസത്തെ യാത്ര ആരംഭിക്കും. 24ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ നിന്നും രാവിലെ 7.30ന് അന്നേദിവസത്തെ യാത്ര ആരംഭിക്കും.
25ന് രാവിലെ എട്ടിന് പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. പമ്പയില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് അഞ്ചു മണിയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ശബരിമല ക്ഷേത്രത്തില്‍ നിന്നും എത്തുന്ന സംഘം ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് തങ്ക അങ്കി ഘോഷയാത്രയെ ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. 26ന് ഉച്ചയ്‌ക്കാണ് മണ്ഡല പൂജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: