വാഷിങ്ടണ്‍: അമേരിക്കയിലെ മേരിലാന്‍ഡിലാണ് സംഭവം. വീടിനുള്ളില്‍ കയറിയ പാമ്പുകളെ പുകച്ചു പുറത്തുചാടിക്കാനുള്ള വീട്ടുടമയുടെ ശ്രമം പാളിയപ്പോള്‍ 18 ലക്ഷം യു.എസ്. ഡോളറിന്റെ (ഏകദേശം 13 കോടി രൂപ) വീടാണ് കത്തി ചാമ്പലായത്. പുകയ്‌ക്കാന്‍ വെച്ച കല്‍ക്കരിയില്‍ നിന്ന് പടര്‍ന്ന തീയാണ് വീട് കത്തി ചാമ്പലാകാന്‍ കാരണം.
ഏകദേശം 10,000 ചതുരശ്ര അടി വലിപ്പമുള്ള വീടിന് ഒന്നിലധികം നിലകളുണ്ട്. വീടിന്റെ ബേസ്‌മെന്റില്‍ നിന്ന് പടര്‍ന്ന തീ, മറ്റു നിലകളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു. വീടിനുള്ളിലെ പാമ്പുകളുടെ ശല്യമാണ് അവയെ പുകച്ചുപുറത്തുചാടിക്കാനുള്ള ശ്രമം നടത്താന്‍ ഉടമയെ പ്രേരിപ്പിച്ചത്. കത്തിയ കല്‍ക്കരിക്ക് സമീപത്ത് എളുപ്പം തീപിടിക്കുന്ന വസ്തുക്കള്‍ ഉണ്ടായിരുന്നതാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയത്. തീപിടിച്ച സമയത്ത് വീടിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. പുക ഉയരുന്നത് കണ്ട് അതുവഴി പോയ അയല്‍ക്കാരന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പത്തുലക്ഷം ഡോളറിന്റെ നാശനഷ്ടമുണ്ടായെന്നാണ് കരുതുന്നതെന്ന് മോണ്ട്‌ഗോമറി കൗണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ മുഖ്യവക്താവ് മാധ്യമങ്ങളോടു പറഞ്ഞു. അഗ്‌നിരക്ഷാസേനയുടെ ദീര്‍ഘനേരത്തെ ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചത്. അടുത്ത കാലത്താണ് താമസക്കാരന്‍ 18 ലക്ഷം ഡോളര്‍ മുടക്കി ഈ വീട് സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: