ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് വഌഡിമിര്‍ പുടിന്. 2022ല്‍ റഷ്യയില്‍ നടക്കുന്ന 22-ാമത് ഇന്ത്യ – റഷ്യ ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നതിനാണ് മോദിയെ ക്ഷണിച്ചത്. തിങ്കളാഴ്ച ഹൈദരാബാദ് ഹൗസില്‍ നടന്ന മോദി – പുടിന് കൂടിക്കാഴ്ചയിലാണ് റഷ്യ സന്ദര്‍ശിക്കാനുള്ള ക്ഷണം പുടിന് നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി മാത്രമാണ് ഈ വര്‍ഷം വഌഡിമിര്‍ പുടിന് നേരിട്ട് ചര്‍ച്ചകള്‍ നടത്തിയത്. ഇന്ത്യയുമായുള്ള ബന്ധത്തിന് റഷ്യ നല്കുന്ന പ്രധാന്യമാണ് ഈ സന്ദര്‍ശനം വ്യക്തമാക്കുന്നത്. ഇന്ത്യയെ ശക്തമായ രാഷ്ട്രമായാണ് കാണുന്നതെന്ന് കൂടിക്കാഴ്ചയ്ക്കിടെ പുടിന് വ്യക്തമാക്കിയിരുന്നു. ന്യൂദല്‍ഹിയില്‍ തനിക്കും തന്റെ സംഘത്തിനും സ്നേഹപൂര്‍ണമായ ആതിഥ്യമൊരുക്കിയതിന് പ്രധാനമന്ത്രിയോട് പുടിന് നന്ദി പറഞ്ഞു.
മോദി – പുടിന് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, റഷ്യന്‍ പ്രതിരോധമന്ത്രി ജനറല്‍ സെര്‍ജി ഷൊയ്ഗുവുമായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായും മന്ത്രിതല ചര്‍ച്ചകള്‍ നടന്നിരുന്നു. അഞ്ചു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനായി ഉന്നതതല പ്രതിനിധി സംഘവും പുടിനൊപ്പം ഇന്ത്യയില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: