വാഷിംഗ്ടണ്‍: നാസയുടെ ബഹിരാകാശ സഞ്ചാരിയാകാന്‍ മലയാളിയും. ഡോ അനില്‍ മോനോന് ഉള്‍പ്പെടെ പത്ത് പുതിയ ബഹിരാകാശ സഞ്ചാരികളുടെ പേരുവിവരങ്ങള്‍ നാസ പുറത്തുവിട്ടു. മലയാളിയായ ശങ്കരന് മേനോന്റെയും ഉക്രയിന് സ്വദേശിയുടേയും മകനാണ് അനില്‍.
ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും അയക്കുന്നതിനൊപ്പം ചൊവ്വയിലേക്ക് ആളെ അയക്കാനുമുള്ള ദൗത്യങ്ങളുടെ ഭാഗമായിട്ടാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്. സംഘത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും ആരെയൊക്കെ അയയക്കണം എന്നത് പിന്നീടാണ് നിശ്ചയിക്കുക. തെരഞ്ഞെടുക്കപ്പെട്ടാല്‍ ചന്ദ്രനില്‍ കാലു കുത്തുന്ന മലയാളിയായി അനില്‍ മേനോന് മാറും. ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന റെക്കോര്‍ഡും അദ്ദേഹത്തിനു സ്വന്തമാകും.
12,00 അപേക്ഷകളില്‍ നിന്നാണ് 10 പേരെ തെരഞ്ഞെടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കി. അനില്‍ മേനോന്, നിക്കോള്‍ അയേഴ്സ്, മാര്‍ക്കോസ് ബെറിയോസ്, ക്രിസ്റ്റീന ബിര്‍ച്ച് , ഡെനിസ് ബേണ്‍ഹാം, ലൂക്ക് ഡെലാനി, ആന്ദ്രെ ഡഗ്ലസ്, ജാക്ക് ഹാത്വേ, ക്രിസ്റ്റഫര്‍ വില്യംസ്, ജെസീക്ക വിറ്റ്നര്‍ എന്നിവരാണ് നാസയുടെ അടുത്ത ദൗത്യങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടത്. ബഹിരാകാശ നിലയത്തിലെ ഗവേഷണം മുതല്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതടക്കമുള്ള കാര്യങ്ങളില്‍ മാസങ്ങള്‍ നീണ്ട് നില്ക്കുന്ന പരിശീലനമാണ് ഇവര്‍ക്ക് നല്‍കുക.
യുഎസിലെ മിനിയപ്പലിസില്‍ ജനിച്ച അനില്‍, മിനസോഡയിലെ സെന്റ് പോള്‍ അക്കാദമിയില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം വിഖ്യാതമായ ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോ ബയോളജിയില്‍ ബിരുദം നേടി. തുടര്‍ന്ന് സ്റ്റാന്‍ഫഡില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ്. പിന്നീട് വൈദ്യമേഖലയില്‍ തിരിച്ചെത്തിയ അദ്ദേഹം സ്റ്റാന്‍ഫഡ് മെഡിക്കല്‍ സ്കൂളില്‍ നിന്നു ഡോക്ടര്‍ ഓഫ് മെഡിസിന് ബിരുദം നേടി.മെഡിസിനും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങും പോലുള്ള വിഭിന്ന ബ്രാഞ്ചുകളുള്‍പ്പെടെ പത്തോളം ബിരുദങ്ങളും സര്‍ട്ടിഫിക്കേഷനുകളും ലൈസന്‍സുകളും അദ്ദേഹത്തിനുണ്ട്.
യുഎസ് എയര്‍ഫോഴ്സിലെ ലെഫ്റ്റനന്റ് കേണലായ 45 കാരനായ അനില്‍ മേനോന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വിവിധ പര്യവേഷണങ്ങളില്‍ ക്രൂ ഫ്ലൈറ്റ് സര്‍ജനായി പ്രവര്‍ത്തിച്ചതിന്റെ പരിചയമുണ്ട് 2010ല്‍ ഹെയ്തിയില്‍ ഉണ്ടായ ഭൂകമ്പത്തിനിടെയും 2015ല്‍ നേപ്പാളില്‍ നടന്ന ഭൂകമ്പത്തിനിടെയും പ്രവര്‍ത്തിച്ചു . 2011 ലെ റെനോ എയര്‍ ഷോ അപകടത്തിലും ആദ്യമെത്തി ഇടപെടല്‍ നടത്തി.
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് പോളിയോ വാക്സിനേഷന് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ ഇന്ത്യയിലെത്തിയിരുന്നു. കാലിഫോര്‍ണിയ എയര്‍ നാഷണല്‍ ഗാര്‍ഡില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു.
ഓപ്പറേഷന് എന്‍ഡ്യൂറിംഗ് ഫ്രീഡത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലേക്ക് നിയോഗിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹിമാലയന്‍ റെസ്ക്യൂ അസോസിയേഷനില്‍ അനില്‍ മേനോന് പ്രവര്‍ത്തിച്ചു. പിന്നീട് 173ആം ഫൈറ്റര്‍ വിംഗിലേക്ക് മിലിട്ടറിയിലേക്ക് മാറി. ഫ്ലൈറ്റ് ഇന്‍സ്ട്രക്ടറായി പ്രവര്‍ത്തിച്ച അദ്ദേഹം 1,000 മണിക്കൂറിലധികം ചെറുവിമാനം പറത്തുകയും ചെയ്തിട്ടുണ്ട്.
തിയഡോര്‍ ലിസ്റ്റര്‍ അവാര്‍ഡ്, നാസ ജെഎസ്സി അവാര്‍ഡ്, യുഎസ് എയര്‍ഫോഴ്സ് കൊമെമറേഷന്‍ മെഡല്‍ തുടങ്ങിയ ഉന്നത പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം ഇരുപതിലധികം ശാസ്ത്ര പ്രബന്ധങ്ങളുടെ രചയിതാവുമാണ്.
സ്പേസ് എക്സിലെ ജീവനക്കാരിയായ അന്നയാണ് ഭാര്യ. അന്നയ്ക്കൊപ്പം മൂന്ന് 3 വര്‍ഷം മുന്‍പ് അനില്‍ കേരളത്തില്‍ വന്നിട്ടുണ്ട്. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളില്‍ ദമ്പതികള്‍ സന്ദര്‍ശനം നടത്തി. മലയാളം ഉള്‍പ്പെടെ പത്തോളം ഭാഷകളും കൈകാര്യം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: