അഹമ്മദാബാദ്: രണ്ടര വയസ്സ് മാത്രം പ്രായമുള്ള ബാലികയെ കഴിഞ്ഞ മാസം ബലാത്സംഗം ചെയ്യുകയും അതിന് ശേഷം കൊല്ലുകയും ചെയ്ത 35 കാരനായ അതിഥിത്തൊഴിലാളിക്ക് വധശിക്ഷ വിധിച്ച് ഗുജറാത്തിലെ സൂറത്തിലുള്ള പോക്സോ കോടതി.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്നും കോടതി നിരീക്ഷിച്ചു. അതിവേഗം നീതി ലഭ്യമാക്കാന്‍ നവമ്പര്‍ എട്ടിന് പ്രതിയെ അറസ്റ്റ് ചെയ്ത പന്‍ഡേസര പൊലീസ് ഏഴ് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 43 സാക്ഷികളുടെ മൊഴികള്‍ കോടതി റെക്കോഡ് ചെയ്തു. ഒരു മാസത്തിനുള്ളില്‍ വിധിയും വന്നു.
തിങ്കളാഴ്ച തന്നെ കോടതി പ്രതിയായ ഗുഡ്ഡുയാദവിനെ ശിക്ഷിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കും പോക്‌സോ നിയമപ്രകാരവും ആണ് കോടതി പ്രതിയെ ശിക്ഷിച്ചത്. ചൊവ്വാഴ്ച ജഡ്ജി പി.എസ്.കല അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്ന് നിരീക്ഷിച്ച ശേഷം വധശിക്ഷ പ്രഖ്യാപി്ക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം 376-എബി (12 വയസ്സില്‍ താഴെയുള്ളവരെ ബലാത്സംഗം ചെയ്യല്‍), 302 (കൊലപാതകം) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വധശിക്ഷ വിധിച്ചത്,.
കുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ബീഹാര്‍ സ്വദേശിയായ പ്രതി സൂറത്ത് നഗരത്തിലെ പാന്‍ഡെസര മേഖലയിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യയും രണ്ട് മക്കളും ഉണ്ട്. തിങ്കളാഴ്ച പബ്ലിക് പ്രോസിക്യൂട്ടര്‍ നയന്‍ സുഖാദ് വാല പ്രതിയ്‌ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
പ്രതിയുടെ കുറ്റകൃത്യത്തിന്റെ കാഠിന്യത്തില്‍ പെണ്‍കുട്ടിയുടെ ആന്തരാവയവങ്ങള്‍ ശരീരത്തിന് പുറത്ത് തള്ളിവന്നിരുന്നതായും പ്രോസിക്യൂട്ടര്‍ വിശദീകരിച്ചു. ഇത്തരത്തിലുള്ള കേസുകളില്‍ മുന്‍പ് രാജ്യത്തെ വിവിധ കോടതികളില്‍ വന്ന 31 വിധികളും പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തന്റെ കുറ്റകൃത്യം മറയ്‌ക്കാന്‍ പ്രതി കുട്ടിയുടെ ജഡം കുറ്റിച്ചെടികള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരുന്നു.
വധശിക്ഷ വിധിച്ചാല്‍ പ്രതിയുടെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നും കോടതി ദാക്ഷിണ്യം കാണിക്കണമെന്നും പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു. നവമ്പര്‍ നാലിനാണ് ദാരുണമായ സംഭവം നടന്നത്. രണ്ടരവയസ്സുകാരിയും ബീഹാറില്‍ നിന്നുള്ള അതിഥിത്തൊഴിലാളി കുടുംബത്തില്‍പ്പെട്ടതാണ്.കുട്ടിയെ രാത്രി തട്ടിക്കൊണ്ടുപോയി, ബലാത്സംഗം ചെയ്തശേഷം ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. കുട്ടിയുടെ വീട്ടില്‍ നിന്നും ഒരു കിലോമീര്‌റര്‍ അകലെയുള്ള ഫാക്ടറിയുടെ അടുത്ത് ജഡം കണ്ടെത്തുകയായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും പ്രദേശവാസികളെ ചോദ്യം ചെയ്തും പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: