ലണ്ടന്‍: ഇഞ്ചുറി സമയത്ത് വഴങ്ങിയ ഗോളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് തോല്‍വി. എവര്‍ട്ടനാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗണ്ണേഴ്സിനെ തകര്‍ത്തത്. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു എവര്ട്ടണ് വിജയം സ്വന്തമാക്കിയത്. എവര്‍ട്ടനായി റിച്ചാര്ലിസണ്, ഡെമാരെ ഗ്രെ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ആഴ്സണലിന്റെ ഗോള്‍ മാര്ട്ടിന് ഒഡെഗാര്‍ഡിന്റെ വകയായിരുന്നു.
പന്ത് കൈവശം വയ്ക്കുന്നതില്‍ ആഴ്സണലിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ലക്ഷ്യത്തിലേക്ക് കൂടുതല്‍ ഷോട്ട് പായിച്ചത് എവര്ട്ടന് താരങ്ങളായിരുന്നു. ആഴ്സണല്‍ ഗോളിയെ അഞ്ച് തവണ എവര്ട്ടന് പരീക്ഷിച്ചപ്പോള്‍ എവര്ട്ടന് ഗോളിയെ മൂന്ന് തവണ പരീക്ഷിക്കാനേ ഗണ്ണേഴ്സ് സ്ട്രൈക്കര്‍മാര്‍ക്ക് കഴിഞ്ഞുള്ളൂ.തുടക്കം മുതല്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ ഗോളിനായി ആദ്യപകുതിയുടെ അധിക സമയം വരെ കാത്തിരിക്കേണ്ടി വന്നു. അധിക സമയത്തിന്റെ രണ്ടാം മിനിറ്റില്‍ ടിര്നെയുടെ പാസില്‍ നിന്ന് ഒഡെഗാര്‍ഡ് ആഴ്സണലിന് വേണ്ടി ലക്ഷ്യം കണ്ടു. ഈ ഗോളിന് ആദ്യപകുതിയില്‍ അവര്‍ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ എവര്ട്ടണ് ഗോള്‍ മടക്കുന്നതിന് വേണ്ടി ആക്രമണം കൂടുതല്‍ ശക്തമാക്കി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 80-ാം മിനിറ്റില്‍ സമനില ഗോള്‍ പിറന്നു. റിച്ചാര്‍ലിസണാണ് ഗോള്‍ നേടിയത്. ഇതോടെ കളി സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ചിരിക്കെയാണ് അധിക സമയത്തിന്റെ രണ്ടാം മിനിറ്റില്‍ എവര്‍ട്ടന്റെ വിജയഗോള്‍ പിറന്നത്. ആന്‍ഡ്രെ ഗോമസിന്റെ പാസില്‍ നിന്ന് ഗ്രെയാണ് ലക്ഷ്യം കണ്ടത്. ഒമ്പത് മത്സരങ്ങള്‍ക്കുശേഷം എവര്‍ട്ടന്റെ ആദ്യ വിജയമാണിത്. വിജയത്തോടെ 15 കളികളില്‍ നിന്ന് 18 പോയിന്റുമായി എവര്ട്ടണ് 12-ാം സ്ഥാനത്തേക്കുയര്‍ന്നു. തോറ്റെങ്കിലും 15 കളികളില്‍ നിന്ന് 23 പോയിന്റുമായി ആഴ്സണല്‍ ഏഴാം സ്ഥാനത്ത് തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: