ന്യൂദല്‍ഹി: ഭക്ഷ്യധാന്യമേഖലയിലെ പുത്തനുണര്‍വ്വും ഗുണനിലവാരമുള്ള പ്രവര്‍ത്തനവും ഇന്ത്യയ്ക്ക് അസുലഭ വിജയം നല്കുന്നു. അരി ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന ഭക്ഷ്യധാന്യമായി മാറുകയാണ്. 2021-22 ഏപ്രില്‍ മുതല്‍ നവമ്പര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യയ്ക്ക് അരി നേടിത്തന്നത് 593.70 കോടി ഡോളറാണ്.
കശുവണ്ടി കയറ്റുമതിയിലും ഇന്ത്യ 29 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി കേന്ദ്ര വാണിജ്യമന്ത്രാലയം പറയുന്നു. ഏകദേശം 30.20 കോടി ഡോളറാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ നവമ്പര്‍ വരെയുള്ള മാസങ്ങളില്‍ വരുമാനമായി ഇന്ത്യ നേടിയത്.
ഗോതമ്പുള്‍പ്പെടെയുള്ള ധാന്യങ്ങളില്‍ കയറ്റുമതിയില്‍ 26 ശതമാനം വര്‍ധനയുണ്ടായി. വിദേശനാണ്യം ഏപ്രില്‍ മുതല്‍ നവമ്പര്‍ വരെയുള്ള എട്ടുമാസങ്ങളില്‍ നേടിയത് 141.8 കോടി ഡോളറാണ്. കാര്‍ഷിക ഭക്ഷ്യോല്പന്നങ്ങളിലും സംസ്കരിച്ച ഭക്ഷ്യോല്പന്നങ്ങളിലും 13 ശതമാനം വളര്‍ച്ചയുണ്ടായി. കാര്‍ഷിക-സംസ്കൃത ഉല്പന്ന കയറ്റുമതി വികസന അതോറിറ്റി (എപിഇഡിഎ) കണക്ക് പ്രകാരം 1167.1 കോടി ഡോളറിന്റെ വരുമാനമാണ് ഇതേ എട്ടുമാസക്കാലയളവില്‍ നേടിയത്. എപിഇഡിഎയുടെ ഉല്പന്നങ്ങളില് നിന്നുള്ള കയറ്റുമതി വരുമാനം 2021-22 സാമ്പത്തികവര്‍ഷം മുഴുവനായി 2371.3 കോടി ഡോളറാക്കി നിശ്ചിയിച്ചിരിക്കുകയാണ്. ഇറച്ചി, പാല്, കോഴി ഉല്പന്നങ്ങളുടെ കയറ്റുമതിയിലും 12 ശതമാനം വളര്‍ച്ചയുണ്ടായി.
പഴങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതിയിലും 12 ശതമാനം വളര്‍ച്ചയുണ്ടായി. 2021-22ലെ ഏപ്രില്‍ മുതല്‍ നവമ്പര്‍ വരെയുള്ള എട്ട് മാസങ്ങളില്‍ 172 കോടി ഡോളറാണ് വരുമാനം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: