കോഴിക്കോട്: വനിതാ എസ്ഐയുടെ ഔദ്യോഗിക യൂണിഫോമിലുള്ള പ്രീ വെഡിംഗാ ഫോട്ടോ ഷൂട്ട് വിവാദത്തില്‍. കോഴിക്കോട് സിറ്റി പരിധിയിലെ പോലീസ് സ്റ്റേഷനിലെ വനിതാ പ്രിന്‍സിപ്പല്‍ എസ്.ഐയാണ് സേവ് ദ ഡേറ്റില്‍ ഔദ്യോഗിക യൂണിഫോമില്‍ പ്രതിശ്രുത വരനൊപ്പം പ്രത്യക്ഷപ്പെട്ടത്. വനിതാ എസ്ഐയുടെ പ്രവൃത്തി ഡിജിപിയുടെ ഉത്തരവിന് വിരുദ്ധമെന്നാണ് സേനയിലെ ചിലര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.
സേനാംഗങ്ങള്‍ അവരുടെ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ഔദ്യോഗിക യൂണിഫോമിട്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് 2015 ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ടിപി സെന്‍കുമാര്‍ ഡിജിപി ആയിരിക്കെയായരുന്നു സേനാംഗങ്ങളുടെ സാമൂഹ്യമാധ്യമ ഇടങ്ങളിലെ അച്ചടക്കം ലക്ഷ്യമിട്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഈ ഉത്തരവ് മാനിക്കാതെയാണ് വനിതാ എസ്ഐയുടെ ഇപ്പോഴുള്ള ഫോട്ടോഷൂട്ടെന്നാണ് വാദം.
വനിതാ എസ്ഐയുടെ ഫോട്ടോ ഷൂട്ട് വിവാദങ്ങള്‍ക്ക് മുന്‍പ് തന്നെ വൈറല്‍ ആയിരുന്നു. സൈനിക യൂണിഫോമിലുള്ള സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍ നാട്ടില്‍ സര്‍വ സാധാരണമാണെന്നിരിക്കെയാണ് വനിതാ എസ്ഐയെ ചൂണ്ടിയുള്ള വിവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: