ശാസ്താംകോട്ട: ആഴ്ചകള്‍ക്ക് മുന്‍പുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സര്‍വ്വതും ഇട്ടെറിഞ്ഞ് ദുരിതാശ്വാസക്യാമ്പില്‍ അഭയം തേടിയ മണ്‍റോത്തുരുത്ത് നിവാസികള്‍ സമാധാനത്തോടെ തിരികെ വീടുകളില്‍ എത്തിയെങ്കിലും ദുരിതം അവരെ പിന്‍തുടരുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ രൂക്ഷമായ വേലിയേറ്റം തുടങ്ങിയതോടെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വീണ്ടും വെള്ളത്തിലായി.
തൊഴിലില്ലായ്മക്കും വറുതിക്കും അപ്പുറം നീറുന്ന ദുരിതത്തില്‍ നിന്നും കരകയറ്റണമെന്ന് മാത്രമാണ് മണ്‍റോതുരുത്തുകാര്‍ക്ക് പറയാനുള്ളത്. വരള്‍ച്ചയിലും വെള്ളപ്പൊക്കമുണ്ടാക്കുന്ന വേലിയേറ്റമാണ്. കേരളത്തില്‍ ഇത്തരത്തിലൊരു ദുരിതം പേറുന്ന ജനത വേറെയില്ല. വേലിയേറ്റത്തിന്റെ ദുരിതത്തിലാണ് മണ്‍റോതുരുത്ത് നിവാസികളിപ്പോള്‍.
വേലിയേറ്റം മൂലം വീടുകളില്‍ വെള്ളം കയറി താമസിക്കാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കാന്‍ മണ്‍ട്രോതുരുത്തിലെ കാലാവസ്ഥാ വ്യതിയാനം പഠനവിധേയമാക്കണമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ബുദ്ധിമുട്ടുകള്‍ പതിവായതോടെ പലരും കിട്ടുന്ന വിലയ്‌ക്ക് വസ്തു വിറ്റ് തുരുത്തിന് പുറത്തേക്ക് താമസം മാറുന്ന സ്ഥിതിയുണ്ട്. ടികെഎം ആര്‍ട്‌സ് കോളേജിന്റെ സഹകരണത്തോടെ താഴ്ന്ന് പോകാത്ത വീടുകളുടെ നിര്‍മാണം തുടങ്ങിയെങ്കിലും അതൊന്നും ജനകീയമായിട്ടില്ല.
ബുദ്ധിമുട്ടുകളെയാകെ മറികടക്കാന്‍ ടൂറിസത്തെ മുറുകെ പിടിക്കുകയാണ് തുരുത്തിലെ ജനങ്ങള്‍. അഷ്ടമുടിക്കായലും കല്ലടയാറും അതിരിടുന്ന മണ്‍റോതുരുത്ത് നിറയെ ചെറുതോടുകളാണ്. ഈ കൈതോടുകളിലൂടെ കൊതുമ്പുവള്ളങ്ങളിലാണ് ഇവിടുത്തെ ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങുന്നതും ആവശ്യങ്ങള്‍ക്ക് പുറത്തേക്ക് പോകുന്നതും. ഇതിനെ അതേ പടി സഞ്ചാരികള്‍ക്കായും തുരുത്ത് തുറന്ന് നല്‍കി.
കൈത്തോടുകളിലൂടെ കൊതുമ്പ് വള്ളങ്ങളില്‍ സഞ്ചരിച്ച് തുരുത്തിനെ അടുത്തറിയാന്‍ വിദേശികളും സ്വദേശികളും വന്‍തോതില്‍ എത്തിയിരുന്നു. കൊവിഡ് കാലത്ത് വിദേശസഞ്ചാരികള്‍ എത്തുന്നില്ലെങ്കിലും തദ്ദേശീയരായ സഞ്ചാരികള്‍ മണ്‍റോതുരുത്തില്‍ എത്തുന്നുണ്ട്. നിരവധി ഹോം സ്റ്റേകളും ഇവിടെ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: