കാഞ്ഞിരപ്പള്ളി: കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ഇരുപത്തിയാറാം മൈല്‍ പാലത്തില്‍ വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം അയ്യപ്പ ഭക്തരെ വലയ്ക്കുന്നു. ശബരിമല തീര്‍ഥാടന പാതയിലെ പാലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം അറിയാതെ ദൂരസ്ഥലങ്ങളില്‍ നിന്ന് ബസുകളുകള്പ്പെടെയുള്ള വലിയ വാഹനങ്ങളില്‍ എത്തുന്ന അയ്യപ്പന്മാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
26-ാം മൈലില്‍ നിന്ന് വാഹനങ്ങള്‍ എരുമേലി റോഡിലേക്ക് തിരിഞ്ഞു കഴിയുമ്പോഴാണ് ഗതാഗത തടസ്സം അറിയുന്നത്. ഇങ്ങനെയെത്തുന്ന വാഹനങ്ങള്‍ കവലയിലെ തിരക്കില്‍ തിരിച്ചെടുക്കുന്നതിനും ബുദ്ധിമുട്ടുന്നു. വലിയ വാഹനങ്ങള്‍ തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഗതാഗത തടസ്സവും രൂപപ്പെടും. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പന്മാര് എങ്ങോട്ടു പോകണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്.
രാത്രികാലങ്ങളില്‍ എത്തുന്ന അയ്യപ്പന്മാരാണ് ഏറെ വലയുന്നത്. അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തിരിച്ചുവിടുന്നതിന് നടപടി സ്വീകരിച്ചാല്‍ പ്രശ്നത്തിന് പരിഹാരമാകും. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഇതിന് താല്പര്യമെടുക്കുന്നില്ലെന്ന പരാതി ശക്തമാണ്. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനാണ് സാധ്യത. അത് മുന്നില്‍കണ്ടുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
വലിയ വാഹനങ്ങള്‍ക്ക് ഗതാഗത നിരോധന ഏര്‍പ്പെടുത്തിയ 26-ാം മൈല്‍ പാലത്തില്‍ വാഹനനിയന്ത്രണത്തിന് പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചതു തന്നെ വ്യാപക പരാതികളെ തുടര്‍ന്നാണ്. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന 26-ാം മൈല്‍ പാലത്തിലൂടെ ആദ്യം ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിരുന്നു. പിന്നീട് പാലത്തിന്റെ നടുവിലൂടെ ചെറുവാഹനങ്ങള്‍ കടത്തി വിടാന്‍ തീരമാനമെടുക്കുകയായിരുന്നു. പാലം അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് 19.6 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങുന്നത് വൈകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: