തൃശൂര്‍: സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടര്‍ന്ന് മംനൊന്ത് ആത്മഹത്യ ചെയ്ത തൃശൂര്‍ കുണ്ടുവാറ സ്വദേശി വിപിന്റെ കുടുംബത്തിന് സഹായവുമായി നാട് ഒന്നിക്കുന്നു. വിപിന്റെ സഹോദരിയെ തന്നെ വിവാഹം കഴിക്കുമെന്നും വിവാഹത്തില്‍ നിന്നും പിന്മാറില്ലെന്നും പ്രതിശ്രുത വരന് നിധിന് വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ടിനെ കുറിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നില്ല. സ്ത്രീധനം ആവശ്യപ്പെട്ടില്ലെന്നും പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടാണ് വിവാഹം ഉറപ്പിച്ചതെന്നും വരന് പറഞ്ഞു.
പെണ്‍കുട്ടിക്ക് വിവാഹസമ്മാനമായി അഞ്ച് പവന് നല്‍കുമെന്ന് കല്യാണ്‍ ജുവലേഴ്സും മൂന്ന് പവന് സമ്മാനമായി നല്‍കുമെന്ന് മലബാര്‍ ഗോള്‍ഡും അറിയിച്ചിട്ടുണ്ട്. വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയേയും സഹോദരിയേയും സ്വര്‍ണ്ണക്കടയില്‍ ഇരുത്തി മടങ്ങിയ ശേഷമായിരുന്നു ആത്മഹത്യ.
മൂന്ന് സെന്റ് ഭൂമി മാത്രമെയുള്ളൂ എന്നതിനാല്‍ എവിടെ നിന്നും വായ്പ കിട്ടിയില്ല. തുടര്‍ന്ന് പുതുതലമുറ ബാങ്കില്‍ നിന്ന് വായ്പ്പയ്ക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം വായ്പ അനുവദിച്ചുവെന്ന അറിയിപ്പിനെ തുടര്‍ന്നാണ് വിവാഹത്തിന് സ്വര്‍ണ്ണമെടുക്കാനായി ജ്വല്ലറിയില്‍ പോയത്. ആഭരങ്ങളെടുത്ത ശേഷം പണവുമായി ഉടനെത്താമെന്ന് അറിയിച്ച് വിപിന്‍ പോയി.
എന്നാല്‍ വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കില്‍ നിന്നും പിന്നീട് അറിയിപ്പ് കിട്ടുകയായിരുന്നു. ജ്വല്ലറിയില്‍ ഏറെ നേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും തിരികെ വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിയുണ്ടായിരുന്ന വിപിന്‍ കോവിഡിനെ തുടര്‍ന്ന് അതും നഷ്ടപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: