മീററ്റ് : പ്രാക്ടിക്കല്‍ ക്ലാസ്സെന്ന പേരില്‍ 17 വിദ്യാര്‍ത്ഥിനികളെ വിളിച്ചു വരുത്തി അധ്യാപകന് പീഡിപ്പിച്ചതായി പരാതി. മുസാഫര്‍നഗറിലെ സ്വകാര്യ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ സ്കൂള്‍ ഉടമയും അധ്യാപകനും അടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നവംബര്‍ 20നാണ് സംഭവം. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പെന്ന പേരില്‍ വിദ്യാര്‍ത്ഥിനികളെ ഇയാള്‍ സ്കൂളിലേക്ക് വിളിപ്പിക്കുകയായിരുന്നു. ക്ലാസുകള്‍ കഴിയുമ്പോള്‍ വൈകുമെന്നും അന്നേദിവസം അവിടെ സ്റ്റേ ചെയ്യാനും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ക്ലാസില്‍ നടന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ വിദ്യാര്‍ഥികളെ കൊന്നുകളയുമെന്ന് അധ്യാപകന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഈ മാസം നാലിന് മുസാഫര്‍നഗര്‍ പോലീസ് സൂപ്രണ്ടന്റ് അഭിഷേക് യാദവിന് വാട്സ് ആപ്പിലൂടെ ഇതുസംബന്ധിച്ച് ഒരു സന്ദേശം ലഭിച്ചതോടെയാണ് കേസില്‍ വഴിത്തിരിവായത്. കൂടാതെ ഇരകളായ രണ്ട് വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ സ്ഥലം എംഎല്‍എ പ്രമോദ് ഉത്വലിനെ സമീപിക്കുകയും ചെയ്തു.
രക്ഷിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുസാഫര്‍നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. അധ്യാപകനെതിരേയുള്ള ആരോണങ്ങള്‍ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് അഭിഷേക് യാദവ് അറിയിച്ചു.
അതേസമയം തുടക്കത്തില്‍ പീഡനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും പുര്കാസി പോലീസ് നടപടി സ്വീകരിച്ചില്ലെന്നും സ്കൂള്‍ അധികൃതരെ സംരക്ഷിച്ചുവെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പുര്കാസി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: