വെള്ളരിക്കുണ്ട്: വീട്ടില്‍ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ബളാല്‍ കല്ലന്‍ചിറ കല്‍വീട്ടില്‍ ബാലകൃഷ്ണന്റെ ഭാര്യ ശ്യാമള (35) യാണ് വീട്ടില്‍ ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 3 മണിയോടെയാണ് സംഭവം.
ശ്യാമളയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ കനിവ് 108ന്റെ സേവനം തേടുകയായിരുന്നു. കണ്ട്രോള് റൂമില്‍ നിന്നുള്ള അത്യാഹിത സന്ദേശം ഉടന്‍ തന്നെ വെള്ളരിക്കുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് ഡ്രൈവര്‍ എസ്.ഇ.സനൂപ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് കെ.വി.ഗ്രേഷ്മ എന്നിവര്‍ ഉടന്‍ തന്നെ സ്ഥലത്തേക്ക് തിരിച്ചു. എന്നാല്‍ ആംബുലന്‍സ് എത്തുന്നതിന് മുന്‍പ് തന്നെ ശ്യാമള കുഞ്ഞിന് ജന്മം നല്കി.
സ്ഥലത്തെത്തിയ ഉടനെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ഗ്രേഷ്മ കുഞ്ഞിന്റെ പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നല്കി ആംബുലന്‍സിലേക്ക് മാറ്റി. ഇരുവരെയും ഉടന്‍ തന്നെ ആംബുലന്‍സ് പൈലറ്റ് സനൂപ് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: