അകാലിദള്ളിനെ ഒതുക്കി പഞ്ചാബ് രാഷ്‌ട്രീയം പിടിച്ചടക്കാന്‍ ഇന്ദിര നടത്തിയ കണ്ടെത്തലായിരുന്നു, ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാല. കുടത്തില്‍ ഒതുങ്ങിയിരുന്ന ഭൂതത്തെ തുറന്നുവിട്ടതു പോലെയായി അനുഭവം എന്നത് ചരിത്രം. ഭാരതത്തെ വീണ്ടും വിഭജിച്ച് ഖാലിസ്ഥാനുണ്ടാക്കാന്‍ വേണ്ടി ഭീകര പ്രവര്‍ത്തനങ്ങളുമായി പഞ്ചാബിലും ദല്‍ഹിയിലുമടക്കം സ്‌ഫോടനങ്ങളും കൊലപാതകങ്ങളും കടന്നാക്രമണങ്ങളുമായി ഭിന്ദ്രന്‍വാല തുടങ്ങിയ ചോരക്കളി അടിച്ചൊതുക്കേണ്ടത് അനിവാര്യമായി. അവസാനം ആ ഭീകരവാദിയെ വളര്‍ത്തിയെടുത്ത ഇന്ദിര തന്നെ, അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തെ ചുടലക്കളമാക്കി മാറ്റി. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലിലൂടെ ഇന്ദിരയുടെ പട്ടാളം 1984 ജൂണില്‍ ഭിദ്രന്‍വാലയെ വധിച്ചു; ഖാലിസ്ഥാന്റെ നടുവുമൊടിച്ചു. ഭീകരവാദികള്‍ക്ക് പ്രതികാരത്തിന് അഞ്ചു മാസം പോലും വേണ്ടിവന്നില്ല. 1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചു ഇന്ദിര കൊല്ലപ്പെട്ടു. വധിച്ചത് സിഖ് ഭീകരരുടെ ആരാധകരും. പ്രധാനമന്ത്രിക്ക് നേരെ നിറയൊഴിച്ചവനെന്ന് സുപ്രീംകോടതി വിധിച്ച ബീന്ത് സിംഗിനെ തൂക്കിലേറ്റി. കൊലപാതകികളില്‍ രണ്ടാമനായിരുന്ന സത്വന്ത് സിംഗിനെ കസ്റ്റഡിയിലെടുത്ത സുരക്ഷാ സംഘം, നിരായുധനായ അവസ്ഥയില്‍, ദുരൂഹകാരണങ്ങളാല്‍ വെടിവെച്ചുകൊന്നു. ഇന്ദിരയുടെ മകന്‍ രാജീവ്, പ്രധാനമന്ത്രിയായതോടെ പിന്നീട് കണ്ടത് ലോകത്തെ ഞെട്ടിച്ച സിഖ് കൂട്ടക്കൊലയായിരുന്നു.
ആ ചരിത്ര സംഭവം ഓര്‍മ്മയിലുള്ളപ്പോഴും, ഇന്ദിരയുടെയും രാജീവിന്റെയും രാഷ്‌ട്രീയത്തെയും കുടുംബാധിപത്യത്തിലൂടെ ജനാധിപത്യം അട്ടിമറിച്ച് അവര്‍ ആ കസേരയിലെത്തിച്ചേര്‍ന്നതും, അധികാരം കിട്ടിയതോടെ അമ്മ ഫാസിസ്റ്റ് സ്വരൂപം കൈക്കൊണ്ടതും, മകന്‍ രാജ്യപ്രതിരോധത്തിന് തോക്കു വാങ്ങുന്നതിനു പോലും കൈക്കൂലിക്ക് വേണ്ടി കൈ നീട്ടിയതുമൊക്കെ അമര്‍ഷത്തോടെ ഇന്നും ഓര്‍ക്കുന്നവരുണ്ട്. രാജ്യത്തെ രണ്ടു പ്രധാനമന്ത്രിമാര്‍ അതിദാരുണമായി വധിക്കപ്പെട്ടതില്‍ തീവ്രദുഃഖമുള്ളവര്‍. അവര്‍ ഇന്നും ആ കൊലപാതകികളോട് പൊറുക്കാന്‍ തയ്യാറല്ലതാനും.
ഈ പശ്ചാത്തലത്തില്‍ വേണം ഇന്ദിരാ ഘാതകരുടെ ആവേശ സ്രോതസ്സായിരുന്ന, പഞ്ചാബില്‍ ഖാലിസ്ഥാന്‍ ഭീകരവാദത്തിന്റെ വിത്തുമുളപ്പിച്ച് വിഷവൃക്ഷമാക്കിയ, ഭിന്ദ്രന്‍വാലയുടെ വര്‍ത്തമാനകാല പിന്‍ഗാമികളുമായി ഇന്ദിരയുടെ മരുമകള്‍ സോണിയയും കൊച്ചുമക്കള്‍ രാഹുലും പ്രിയങ്കയും രാഷ്‌ട്രീയ ചങ്ങാത്തത്തില്‍ ഏര്‍പ്പെടുന്നതിനെ വിലയിരുത്തേണ്ടത്. ചൈനയുടെയും പാക്കിസ്ഥാന്റെയും സഹായം തേടി നരേന്ദ്രമോദിയെ ഇല്ലാതാക്കാന്‍ രാഹുലിന്റെ കോണ്‍ഗ്രസ്സ്, മണിശങ്കര്‍ അയ്യരെ കളത്തിലിറക്കിയ ശേഷം അവര്‍ രംഗത്തിറക്കിയ ഏറ്റവും അപകടകാരിയായ രാഷ്‌ട്രീയക്കാരനാണ് നവജോത് സിങ്ങ് സിദ്ദു.
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേയും പാക്ക് സൈനിക മേധാവി ബജ്വയെയുമൊക്കെ കെട്ടിപ്പിടിച്ച് വട്ടം കറങ്ങുന്ന സിദ്ദു, ‘ഭിന്ദ്രന്‍വാല മരിച്ചിട്ടില്ല, ജീവിക്കുന്നൂ ഞങ്ങളിലൂടെ’ എന്ന മുദ്രാവാക്യവുമായി പഞ്ചാബില്‍ വീണ്ടും ഭീകരതയ്‌ക്ക് ഇടം തേടുന്ന സിദ്ദു മൂസേവാലയെയാണിപ്പോള്‍ രാഹുലിനോട് ചേര്‍ത്തുനിര്‍ത്തിയത്. മൂസേവാല, ഭിന്ദ്രന്‍വാലയുടെ ആരാധകനാണ്. നാട്ടില്‍ അക്രമത്തിന്റെയും തോക്കിന്റെയും സംസ്‌കാരം വളര്‍ത്തിയതിന് ആയുധ നിയമ പ്രകാരം അറസ്റ്റു ചെയ്യപ്പെട്ടവനാണ്. കൊവിഡ് കാലത്ത് എകെ47 ലൂടെ വെടിയുതിര്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പിടിയിലായ ആള്‍. എകെ 47 ആണ് എന്റെ ‘ഗേള്‍ഫ്രണ്ട്’ എന്ന് വിളിച്ച് പറഞ്ഞ ഈ വ്യക്തിയാണ് രാഹുലിന്റെ പുതിയ സുഹൃത്ത് മൂസേവാല. കാര്‍ഷിക സമരത്തിനിടയില്‍ നുഴഞ്ഞു കയറുകയും കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ റെഡ്‌ഫോര്‍ട്ടില്‍ ഖാലിസ്ഥാന്‍ കൊടിയുമായി കയറിയ വിഘടനവാദികളുടെ ഭീകരവാദത്തിന്റെ സംഗീതമാണ് മൂസേവാലയുടെ ബ്രാന്‍ഡ്. ആ രാജ്യവിരുദ്ധ സമരത്തിനിടയില്‍ ഭിന്ദ്രന്‍വാലയെ പുകഴ്‌ത്തിക്കൊണ്ടുള്ള മൂസേവാലയുടെ സംഗീതത്തിന് ‘പഞ്ചാബ് മാതൃരാജ്യം’ എന്നാണ് പേര് നല്‍കിയത്. അതില്‍ വിഘടനവാദത്തിന് ആവേശം കൊടുത്തുകൊണ്ട് ചേര്‍ത്ത വരിയാണ്: ‘രാജ് ദി ഗല്‍ ക്യോം ന കരിയേ’ (എന്തുകൊണ്ട് സ്വയം ഭരണത്തിന്റെ കാര്യം പറയരുത്?) എന്നത്!
ചൈനയോടും പാകിസ്ഥാനോടും സഖ്യം ചേര്‍ന്ന് ഭാരതത്തിന്റെ താല്‍പര്യങ്ങള്‍ തകര്‍ത്തിട്ടായാലും അധികാരത്തിലെത്താന്‍ വഴിയന്വേഷിക്കുന്നതാണ് രാഹുലിന്റെ രാഷ്‌ട്രീയം എന്നത് മനസ്സിലാക്കുമ്പോള്‍ പോലും ഭിന്ദ്രന്‍വാലയുടെ പക്ഷത്തെ കൂടെ കൂട്ടാന്‍ സോണിയക്കെങ്ങനെ കഴിയുന്നവെന്നതാണ് സ്വാഭാവികമായി ഉയരുന്ന ചോദ്യം. അതില്‍ കൂടെയുള്ളവര്‍ക്കാര്‍ക്കും അത്ഭുതം തോന്നാത്തതില്‍ പൊതുസമൂഹത്തിന് അത്ഭുതമില്ല. കാരണം, രാജീവിന്റെ കൊലപാതകികളായ ശ്രീലങ്കന്‍ തമിഴ് ഭീകരരെ നെഞ്ചോട് ചേര്‍ത്ത കരുണാനിധിയുടെ ഡിഎംകെയോടും, അവരുടെ സ്വന്തം വൈക്കോയോടും രാഷ്‌ട്രീയ ബന്ധത്തിന് തയ്യാറായ സോണിയാ മൈനോ കുടുംബത്തില്‍ നിന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കേണ്ടതാണ്. രാജീവിന്റെ മകള്‍ തന്നെ ജയിലില്‍ കഴിയുന്ന കൊലക്കേസ് കുറ്റവാളികള്‍ക്ക് മാപ്പുകൊടുത്ത് പടം പിടിക്കാന്‍ പോയതും ജനം ഓര്‍മ്മയില്‍ വെച്ചിട്ടുണ്ട്.
പക്ഷേ, അതൊക്കെക്കൊണ്ടു തന്നെ ചില ചോദ്യങ്ങള്‍ ഉയരുമെന്നത് സ്വാഭാവികം. അവയില്‍ പ്രധാനപ്പെട്ടവ: 1. ഇന്ദിരയുടെ കൊലപാതകത്തില്‍ സിഖ് ഭീകരവാദികള്‍ക്ക് മാത്രമായിരുന്നോ പങ്ക്? 2. ആ മരണം കൊണ്ട് രാഷ്‌ട്രീയ നേട്ടം കൊയ്തവര്‍ സിഖ് കൊലപാതകികളെ ഉപയോഗിക്കുകയായിരുന്നോ? 3. രാജീവിന്റെ കൊലപാതകം ശ്രീലങ്കന്‍ തമിഴ് ഭീകരരുടെ സ്വന്തം അജണ്ടയായിരുന്നോ? 4. അതോ രാജീവിന്റെ രാഷ്‌ട്രീയ സമീപനങ്ങളില്‍ വന്ന മാറ്റങ്ങള്‍ തങ്ങള്‍ക്ക് ഭീഷണിയായി മാറുമോയെന്ന് ഭയന്നവര്‍ ആ ക്രൂര കൃത്യം ചെയ്യിക്കുകയായിരുന്നുവെന്ന രാജീവിന്റെ സൗഹൃദവലയത്തില്‍ നിന്നു തന്നെ ഉയര്‍ന്ന ആരോപണം അന്വേഷിക്കേണ്ടതുണ്ടോ? അതിനൊക്കെ മറുപടി പറഞ്ഞിട്ടുവേണം ഇന്ദിരയുടെയും രാജീവിന്റെയും ഘാതകരുടെ അനുഭാവികളെ കൂടെ കൂട്ടി സോണിയയും രാഹുലും പ്രിയങ്കയും വോട്ട് ചോദിക്കാന്‍ ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: