കൊച്ചി മഹാനഗരം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ താവളമായി മാറിയിട്ട് വളരെക്കാലമായി. വ്യവസായ കേന്ദ്രമായും ഐടി കേന്ദ്രമായുമൊക്കെ അറിയപ്പെടുന്ന എറണാകുളം ജില്ലയിലേക്ക് പലതരം ലഹരിവസ്തുക്കള്‍ എത്തിക്കുന്നവരെയും, അവ വാങ്ങാനെത്തുന്നവരെയും ആസ്വദിക്കാന്‍ ഒത്തുകൂടുന്നവരെയും, ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ അടിക്കടി പിടികൂടുന്നുണ്ട്. എന്നാല്‍ സമീപകാലത്ത് ഇപ്രകാരം പിടിയിലാകുന്നവരുടെ എണ്ണം അമ്പരിപ്പിക്കുന്ന തോതിലാണ് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. വന്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും ഫഌറ്റുകള്‍ കേന്ദ്രീകരിച്ചുമൊക്കെ നടക്കുന്ന ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ശരാശരി മലയാളിയുടെ ധാരണകളെ തകിടം മറിക്കുന്ന വിധമാണ് ഇതില്‍ കാണുന്ന സ്ത്രീ-പുരുഷ പങ്കാളിത്തം. ഇവരില്‍ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളുമാണ്. പ്രായപൂര്ത്തിയാവാത്തവര്പോലും ഇവരിലുണ്ട്. അന്വേഷണ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ലഹരിക്കടത്തും ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം വര്ധിക്കുന്നതെന്ന വാദമുണ്ടെങ്കിലും ഇത് പേടിപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമാണെന്ന് അംഗീകരിക്കാതെ വയ്യ. ഇരുളിന്റെ മറവിലും അതീവ രഹസ്യമായും നടക്കുന്ന ലഹരി ഇടപാടുകള്‍ അനുദിനം വര്‍ധിക്കുകയാണെന്നും, അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയുന്നത് ചെറിയ ശതമാനം മാത്രമാണെന്നുമുള്ള വസ്തുത അവശേഷിക്കുന്നു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ ഒരു റിസോര്‍ട്ടില്‍ നടന്ന ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്തവരെ റെയ്ഡില്‍ പിടികൂടിയത്.
എറണാകുളത്ത് രണ്ട് മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിലൂടെ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഒരു ഹോട്ടലില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുപോകുന്നതിനിടെയുണ്ടായ ഈ അപകടം ആസൂത്രിതമായിരുന്നുവെന്ന നിഗമനത്തിലേക്കാണ് അന്വേഷണം നീളുന്നത്. ഹോട്ടലില്‍ നടന്നത് ലഹരി പാര്‍ട്ടിയായിരുന്നുവെന്നും, ഇതില്‍ പങ്കെടുത്ത ചിലരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതിനാലാണ് മോഡലുകളെ കാറില്‍ പിന്തുടര്ന്ന് അപകടം സൃഷ്ടിച്ചതെന്നുമാണ് ഏറ്റവും പുതിയ വിവരം. ഹോട്ടലുടമ ഉള്‍പ്പെടെ ഈ കേസില്‍ ആരോപണ വിധേയരായവരും, സംശയത്തിന്റെ നിഴലില്‍ നില്ക്കുന്നവരുമൊക്കെ ലഹരിക്കടത്തിലെ കരുത്തുറ്റ കണ്ണികളാണെന്ന നിഗമനമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ളത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. അപകടമരണങ്ങള്‍ സംഭവിച്ചതുകൊണ്ടാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് മൊത്തത്തില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കുകയുണ്ടായി. എന്നാല്‍ ഇതിനു കാരണമായി പറയുന്നത് മദ്യലഭ്യതയുടെ കുറവാണ്. ജനങ്ങളെക്കൊണ്ട് കഴിയാവുന്നത്ര മദ്യം കുടിപ്പിക്കാന്‍ ശ്രമിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ദുഷ്ടലാക്കും ഇവിടെ തെളിയുന്നുണ്ട്. മദ്യം നിര്‍ബാധം ലഭിച്ചിരുന്നപ്പോഴും ലഹരിക്കടത്തിനും ഉപയോഗത്തിനും യാതൊരു കുറവുമില്ലായിരുന്നു എന്നതാണ് സത്യം. ഇടതുമുന്നണി സര്‍ക്കാരിന്റെ നവകേരളം ലഹരിയില്‍ മുങ്ങിത്താഴുകയാണ്.
സമീപകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍തോതിലാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. അതിര്‍ത്തി കടത്തികൊണ്ടുവരുന്നതു വഴി തീവണ്ടികളില്‍ നിന്നും മറ്റു വാഹനങ്ങളില്‍ നിന്നും കഞ്ചാവും മറ്റും അനുദിനമെന്നോണം പിടികൂടുകയുണ്ടായി. ലഹരിക്കടത്ത് വമ്പന്‍ വ്യവസായമായി വളര്‍ന്നിരിക്കുന്നു. കോടാനുകോടികള്‍ മറിയുന്ന ഈ ഇടപാടുകളില്‍ ചെറുമീനുകളും ഇടനിലക്കാരും മാത്രമാണ് പലപ്പോഴും പിടിയിലാവുന്നത്. വമ്പന്‍ സ്രാവുകള്‍ അന്വേഷണ ഏജന്‍സികളുടെ വലയ്ക്ക് പുറത്തായിരിക്കും. ഇത്തരക്കാര്‍ക്ക് രാഷ്ട്രീയ-ഭരണ പിന്തുണ ലഭിക്കുന്നതാണ് കാരണം. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായ ഭരണകക്ഷിയില്‍പ്പെട്ട ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് അടുത്തിടെയാണല്ലോ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായത്. ഇടപാടില്‍ പങ്കാളിയായ ചിലര്‍ ഇപ്പോഴും ഒളിവിലായതുകൊണ്ടു മാത്രമാണ് ഈ മകന് മയക്കുമരുന്ന് കേസില്‍ നിന്ന് രക്ഷപ്പെട്ട് നില്‍ക്കുന്നത്. ലഹരിക്കടത്തിനും
ലഹരി പാര്‍ട്ടികള്‍ക്കും നേരെ കണ്ണടയ്ക്കുന്ന ഒരു സമീപനം സംസ്ഥാന സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും ഉണ്ടെന്ന കാര്യം വ്യക്തമാണ്. ഇതിനെതിരെ നടപടികളെടുക്കാതിരിക്കാന്‍ മതപരമായ പ്രീണനവും ഒരു കാരണമാകുന്നു. നാര്‍ക്കോട്ടിക്ക് ജിഹാദിനെക്കുറിച്ച് പറഞ്ഞ ക്രൈസ്തവ പുരോഹിതന് എങ്ങനെയൊക്കെയാണ് വേട്ടയാടപ്പെട്ടതെന്ന് ജനങ്ങള്‍ കാണുകയുണ്ടായല്ലോ. ലഹരി ഉപയോഗം കൊച്ചിയില്‍ മാത്രമായി ഒതുങ്ങിനില്ക്കുന്നതല്ല. പണം തട്ടിപ്പ്, പെണ്‍വാണിഭം, ലൈംഗിക പീഡനം, കൊലപാതകം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. സമൂഹത്തെ വിഴുങ്ങുന്ന ഈ വിപത്തിനെതിരെ വ്യാപകമായ ബോധവല്‍ക്കരണവും അതിശക്തമായ നിയമ നടപടികളും ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: