ശബരിമല: കോവിഡ് പ്രോട്ടോക്കോളിന്റെ പേരുപറഞ്ഞ് ദേവസ്വം ബോര്‍ഡിനെ മറയാക്കി സര്‍ക്കാര്‍ വിശ്വാസികളെ വേദനിപ്പിക്കുന്നു. ശബരിമല തീര്‍ത്ഥാടനത്തിന് അനുഷ്ഠിക്കേണ്ട ആചാരങ്ങളൊന്നും ഭക്തര്‍ക്ക് നടത്താന്‍ കഴിയുന്നില്ലെന്നും ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തിലങ്കേരി പറഞ്ഞു.
ഇന്നു ശബരിമല ദര്ശനത്തിനെത്തിയശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമ്പത്തികലാഭം മാത്രമാണ് സര്‍ക്കാരിന്റെ അജണ്ട. ഭക്തര്‍ക്ക് പരമ്പരാഗത പാതയിലൂടെ ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തുമ്പോള്‍ നിലയ്ക്കലില്‍നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തീര്‍ത്ഥാടകരെ കുത്തിനിറച്ചാണ് പമ്പയില്‍ എത്തിക്കുന്നത്. ഇവിടെ പാലിക്കാത്ത പ്രോട്ടോക്കോളാണ് സന്നിധാനത്ത് വിരിവെയ്ക്കുന്ന തീര്‍ത്ഥാടകരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
പരമ്പരാഗത പാത തുറന്നുകൊടുത്തില്ലങ്കില് ധനു ഒന്നിന് ഹിന്ദുഐക്യവേദി വിശ്വാസികളെ അണിനിരത്തി പരമ്പരാഗതപാതയിലൂടെ സന്നിധാനത്തെത്തുമെന്നും വത്സന് തില്ലങ്കേരി അറിയിച്ചു. പത്രസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധാകരന്, സംഘടനാ സെക്രട്ടറി സി.ബാബു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: