ന്യൂദല്‍ഹി: സൂം വീഡിയോ കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് ബെറ്റര്‍ ഡോട്ട് കോം സി.ഇ.ഒ. വിശാല്‍ ഗാര്‍ഗ്. വിശാലിന്റെ സൂം കോളില്‍ പങ്കെടുത്ത ജീവനക്കാരില്‍ ഒരാള്‍ ഇത് റെക്കോഡ് ചെയ്യത് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇന്ത്യയിലെയും അമേരിക്കയിലെയും കമ്പനിയിലെ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്.
ഡിസംബര്‍ ഒന്നിന് നടന്ന പിരിച്ചു വിടലിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തയല്ല ഇത്. ഈ കോളില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന സംഘത്തില്‍ നിങ്ങളുമുണ്ട്. നിങ്ങളുടെ ഇവിടുത്തെ ജോലി ഉടന്‍ അവസാനിക്കുകയാണ്’ എന്ന് ഗാര്‍ഗ് വീഡിയോയില്‍ പറയുന്നുണ്ട്. തന്റെ തൊഴില്‍ജീവിതത്തില്‍ ഇത് രണ്ടാംതവണയാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നും തനിക്ക് ഇത് ചെയ്യാന്‍ ആഗ്രഹമില്ലെന്നും ഗാര്‍ഗ് പറയുന്നുണ്ട്. കഴിഞ്ഞതവണ ഇത്തരമൊരു പ്രഖ്യാപനം നടത്തിയപ്പോള്‍ താന്‍ കരഞ്ഞെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു.
കമ്പനിയുടെ ഉല്‍പ്പാദനക്ഷമത, വിപണന മേഖല, ജീവനക്കാരുടെ പ്രകടനങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കുറഞ്ഞതായി ചൂണ്ടിക്കാണിച്ചായിരുന്നു ജീവനക്കാരെ പിരിച്ചുവിട്ടത്. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒരു മാസത്തെ മുഴുവന്‍ ആനുകൂല്യങ്ങളും രണ്ട് മാസത്തെ കവര്അപ്പും ലഭിക്കും അതിനായി കമ്പനി പ്രീമിയം അടയ്ക്കുമെന്നും ഡിജിറ്റല്‍ കമ്പനിയുടെ സിഇഒ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: