കൊല്ലം: റെയില്‍വെ സ്റ്റേഷന് എതിര്‍വശത്തുള്ള അലക്കുകുഴി കോളനിയിലെ വീടുകള്‍ പൊളിച്ചുനീക്കി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും നിര്‍ദിഷ്ട പദ്ധതി കടലാസിലുറങ്ങുന്നു. കൊല്ലം കോര്‍പ്പറേഷന്റെ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് ടവറിനായാണ് സ്ഥലം ഒഴിപ്പിച്ചത്. ഇവിടെ താമസിച്ചിരുന്നവരെ പുനരധിവസിപ്പിച്ചിട്ടുണ്ട്. കാടുകയറിയ പ്രദേശത്ത് ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്.
പദ്ധതിക്കായി സ്ഥലം ഏറ്റെടുന്നതിനെതിരെ കോടതിയെ സമീപിച്ച മൂന്ന് കുടുംബങ്ങള്‍ക്ക് പാര്‍ക്കിംഗ് ടവറിന് ആവശ്യമായ സ്ഥലത്തിന് പുറത്ത് ഫ്ളാറ്റ് നിര്‍മിച്ചുനല്‍കാനാണ് കോര്‍പ്പറേഷന്റെ പദ്ധതി. മൂന്നുവീട്ടുകാരെയും ഉള്‍ക്കൊള്ളുന്ന ഫ്ളാറ്റുകളാണ് ഒറ്റ കെട്ടിടത്തില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. 105 സെന്റ് വിസ്തൃതിയുള്ള അലക്കുകുഴി കോളനി റവന്യൂ പുറമ്പോക്കാണ്. ഇവിടെ അരനൂറ്റാണ്ടായി താമസിച്ചുവന്നവരെയാണ് മാറ്റിപാര്‍പ്പിച്ചത്. പദ്ധതിക്ക് ആവശ്യമായ സ്ഥലത്തിന് പുറത്ത് ആറ് സെന്റില്‍ മൂന്ന് കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് നിര്‍മിച്ചുനല്‍കാമെന്നാണ് വാഗ്ദാനം.
കോടതി നിര്‍ദേശപ്രകാരം ഈ സ്ഥലം അളന്ന് തിട്ടപ്പെടുത്തേണ്ട ചുമതല ജില്ലാ ഭരണകൂടത്തിനാണ്. 63 സെന്റ് സ്ഥലമാണ് പാര്‍ക്കിംഗ് ടവറിന് വേണ്ടിവരുന്നത്. ഇതിന്റെ നിര്‍മാണത്തിനുള്ള ടെണ്ടര്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സ്വകാര്യ ഏജന്‍സിയുടെ 10.91 കോടി രൂപയുടെ ടെണ്ടറാണിത്. ഭൂമി കൈമാറാത്തതിനാല്‍ കരാര്‍ ഒപ്പിടാനായില്ലെന്നാണ് കോര്പ്പറേഷന് നിലപാട്.
അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ടവര്‍ നിര്‍മാണം. ഏഴുനിലകളുള്ള ടവറില്‍ ഒരേസമയം 224 കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും. അഞ്ച് ബ്ലോക്കുകള്‍ അടങ്ങുന്നതായിരിക്കും ടവര്‍. വാഹനങ്ങള്‍ക്ക് നിര്‍ദിഷ്ട ഫീസ് ഈടാക്കും. പാര്‍ക്കിംഗ് ടവര്‍ വരുന്നതോടെ റെയില്‍വെ സ്റ്റേഷന് മുതല്‍ കര്‍ബല വരെയും ദേശീയപാതയിലുമായുള്ള അനധികൃത പാര്‍ക്കിംഗ് കാരണം പോലീസിനെയും പൊതുജനത്തെയും വലയ്ക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: