തൃശ്ശൂര്‍: സ്കൂള്‍ തുറന്നെങ്കിലും ആഴ്ചയില്‍ മൂന്നുദിവസം മാത്രമെ ക്ലാസുള്ളു. മറ്റു മൂന്നു ദിവസങ്ങളില്‍ ഇപ്പോഴും ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുന്നത്. ഓണ്‍ലൈന്‍ പഠനത്തിനുവേണ്ടി തുടര്‍ച്ചയായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം തുടങ്ങിയതോടെ വിദ്യാര്‍ത്ഥികളില്‍ ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിച്ചു. കാഴ്ചക്കുറവ്, തലവേദന, കേള്‍വി പ്രശ്നം, കഴുത്തിന് വേദന എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് പതിവായി. പത്തു ശതമാനത്തിലധികം കുട്ടികളില്‍ പുതിയതായി കാഴ്ചവൈകല്യം വര്‍ധിച്ചതായി കണ്ടെത്തല്‍. നേരത്തെ കാഴ്ചവൈകല്യത്തിന് കണ്ണട ഉപയോഗിച്ചിരുന്ന കുട്ടികളില്‍ കാഴ്ചശക്തി കുറയുന്നുമുണ്ട്.
കാഴ്ച മങ്ങുക, വസ്തുക്കളെ രണ്ടായി കാണുക, ക്ഷീണം, അകലത്തിലുള്ള കാഴ്ച വ്യക്തമാകാതിരിക്കുക, തലവേദന, കണ്ണ് വേദന എന്നിവയാണ് പ്രധാനമായും കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍. ദീര്‍ഘസമയം സ്ക്രീനിലേക്ക് നോക്കിയിരിക്കുമ്പോള്‍ ഐടി മേഖലയിലുള്ളവരെ സ്ഥിരമായി ബാധിക്കുന്ന കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമും കുട്ടികളെ ബാധിച്ചിട്ടുണ്ടെന്ന് നേത്രരോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തൃശ്ശൂര്‍ രാമവര്‍മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1500- ഓളം കുട്ടികളാണ് ചികിത്സ തേടിയത്. കാഴ്ചക്കുറവ്, കണ്ണില്‍ നിന്ന് വെള്ളം വരുക, കണ്ണുകളിലെ ചുവപ്പ് തുടങ്ങിയവയായിരുന്നു ഭൂരിഭാഗം പേരുടെയും പ്രശ്നം. നേത്രചികിത്സയ്ക്ക് പ്രതിദിനമെത്തുന്ന 50 പേരില്‍ 20ഓളം പേര് കുട്ടികളാണ്. അഞ്ചുമുതല്‍ 15 വയസ് വരെയുള്ള കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയത്.
കുട്ടികള്‍ക്ക് പ്രകാശമായി ‘ദൃഷ്ടി’
ഭാരതീയ ചികിത്സാവകുപ്പ് രാമവര്‍മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ‘ദൃഷ്ടി’ പദ്ധതിയിലൂടെ മികച്ച നേത്രരോഗ ചികിത്സാ സൗകര്യമാണ് സൗജന്യമായി ഒരുക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഓരോ വര്‍ഷവും സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ 200-ലധികം കുട്ടികളാണ് ഈ സ്ഥാപനങ്ങളില്‍ ചികിത്സയ്ക്കെത്തുന്നത്. തൃശ്ശൂരിന് പുറമേ എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലെ ആയുര്‍വേദ ആശുപത്രികളിലും പദ്ധതി നടപ്പാക്കുന്നുണ്ട്.
കുട്ടികളില്‍ പ്രധാനമായും ഹ്രസ്വദൃഷ്ടി (മയോപ്പിയ), ദീര്‍ഘദൃഷ്ടി (ഹൈപ്പര്‍ മെട്രോപ്പിയ), വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം) തുടങ്ങിയ റിഫ്രാക്റ്റീവ് എറര്‍ എന്ന വിഭാഗത്തിലെ അസുഖങ്ങള്‍ക്കാണ് ചികിത്സിക്കുന്നത്. ‘ദൃഷ്ടി’യുടെ ഭാഗമായുള്ള ചികിത്സയിലൂടെ ഹ്രസ്വദൃഷ്ടി ബാധിതരായ കുട്ടികളില്‍ കണ്ണട വെക്കുക മാത്രം ചെയ്യുന്ന കുട്ടികളേക്കാള്‍ ആയുര്‍വേദ ചികിത്സ ചെയ്തവര്‍ക്ക് 25 ശതമാനത്തോളം കാഴ്ചശക്തി വര്‍ധിച്ചതായി അധികൃതര്‍ പറയുന്നു. ഇവരില്‍ 15 ശതമാനം പേര്‍ക്ക് കണ്ണട പൂര്‍ണമായും ഒഴിവാക്കാന്‍ സാധിച്ചിട്ടുണ്ട്. ദീര്‍ഘദൃഷ്ടിയുള്ള കുട്ടികളില്‍ ആയുര്‍വേദചികിത്സ ചെയ്തവര്‍ക്ക് മറ്റുള്ളവരേക്കാള്‍ 35 ശതമാനമാണ് കാഴ്ചശക്തി വര്‍ധിച്ചത്. ഈ വിഭാഗത്തില്‍തന്നെ 25 ശതമാനം പേര്‍ക്ക് കണ്ണട ഒഴിവാക്കാനും കഴിഞ്ഞു. വിഷമദൃഷ്ടി ഉള്ളവരില്‍ 30 ശതമാനത്തോളം കാഴ്ചശക്തി അധികം ലഭിച്ചു. 70 ശതമാനം കുട്ടികളില്‍ കണ്ണടയുടെ ശക്തി കുറയ്ക്കാനായി.
പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ നേത്രപരിശോധന ഉറപ്പുവരുത്തും. ദീര്‍ഘകാലം ഉപയോഗിക്കാനുള്ള നെയ്യ്, കഷായം, അരിഷ്ടം തുടങ്ങിയ മരുന്നുകളും ധാരയ്ക്ക് ആവശ്യമായ തൈലം തുടങ്ങിയ മരുന്നുകളും ഇവര്‍ക്ക് ലഭിക്കും. സ്വകാര്യ സംവിധാനത്തില്‍ 20,000ഓളം രൂപ ചെലവു വരുന്ന ചികിത്സയാണിത്. ജില്ലയില്‍ തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലും ഇരിങ്ങാലക്കുട ഗവ. ആയുര്‍വേദ ആശുപത്രിയിലുമാണ് ‘ദൃഷ്ടി’ പദ്ധതി പ്രകാരമുള്ള ചികിത്സയുള്ളത്.
ആയുര്‍വ്വേദത്തിലൂടെ ബദലെന്ന് അധികൃതര്‍
കണ്ണിന് വിശ്രമമില്ലാതെയുള്ള ഓണ്‍ലൈന്‍ പഠനം കുട്ടികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. കണ്ണിന് പ്രശ്നമായി ചികിത്സയ്ക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിയിട്ടുണ്ട്. 20 മിനിറ്റ് ഫോണ്‍ നോക്കിയാല്‍ 25 സെക്കന്‍ഡെങ്കിലും വിശ്രമം നല്‍കണം. പച്ചവെള്ളത്തില്‍ കണ്ണ് കഴുകിയും മറ്റും പരിപാലിക്കണം. കാഴ്ചക്കുറവിന് കണ്ണട വയ്ക്കുക എന്ന ഒരു ഉപാധി മാത്രം ആധുനിക വൈദ്യ ശാസ്ത്രത്തില്‍ നിലനില്ക്കുമ്പോള് ആയുര്‍വേദ ചികിത്സയിലൂടെ അതിനൊരു ബദല്‍ സൃഷ്ടിക്കപ്പെടുകയാണ്. കാഴ്ച കുറവുകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നത് കൂടാതെ കുട്ടികളുടെ സമഗ്രമായ ആരോഗ്യ പരിരക്ഷ, മാനസിക വളര്‍ച്ച, ഉയര്‍ന്ന രോഗപ്രതിരോധശേഷി എന്നിവയ്ക്ക് ‘ദൃഷ്ടി’ പദ്ധതി ഊന്നല്‍ കൊടുക്കുന്നു. 80 ശതമാനം കുട്ടികളിലും തുടര്‍ച്ചയായി വരുന്ന പനി, ജലദോഷം, അലര്‍ജി എന്നിവ പൂര്‍ണമായും പദ്ധതിയിലൂടെ ഇല്ലാതാവുന്നുണ്ടെന്നാണ് എട്ടുവര്‍ഷം നീണ്ട പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഡോ.നേത്രദാസ് (‘ദൃഷ്ടി’ പദ്ധതി, സംസ്ഥാന കണ്‍വീനര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: