കണ്ണൂർ: തലശ്ശേരി ചിത്രകലാ വിദ്യാലയത്തിലെ പ്രിന്‍സിപ്പലിനെതിരെ പീഡനപരാതിയുമായി യുവതി രംഗത്ത്. സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രിന്‍സിപ്പല്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ജീവനക്കാരിയുടെ ആരോപണം. പരാതി സ്ഥാപന മേധാവികള്‍ പൂഴ്ത്തിയെന്നും യുവതി ആരോപിച്ചു. പ്രിന്‍സിപ്പലിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. ചക്കരക്കല്‍ പോലീസ് പരാതിയില്‍ അന്വേഷണം ആരംഭിച്ചു.
ഓഫീസ് റൂമില്‍ വെച്ച് നിരവധി തവണ അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചെന്നും നിരന്തരം ഫോണില്‍ വിളിച്ചും മെസേജ് അയച്ചും ബുദ്ധിമുട്ടിക്കുന്നുവെന്നും യുവതി ആരോപിക്കുന്നു. കൂടെ യാത്രചെയ്യാന്‍ നിരന്തരം നിര്‍ബന്ധിച്ചെന്നും വഴങ്ങാത്തതിന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതി നല്‍കിയിട്ടും മാനേജ്മെന്റ് നടപടിയെടുത്തില്ലെന്ന് യുവതി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരിയെ വിദ്യാലയത്തിലെ അദ്ധ്യാപികയാക്കി സ്ഥാനക്കയറ്റം നല്‍കാനുള്ള കമ്മറ്റി തീരുമാനത്തെ പ്രിന്‍സിപ്പല്‍ തടഞ്ഞതായും യുവതി കൂട്ടിച്ചേര്‍ത്തു. അദ്ധ്യാപികയാവണമെങ്കില് തനിക്ക് വഴങ്ങിത്തരണമെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെടുകയായിരുന്നുവത്രെ. എന്നാല്‍ യുവതിയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. താന്‍ മെസേജുകള്‍ അയച്ചിട്ടുണ്ടെന്നും അത് യുവതി അയച്ച മെസേജുകള്‍ക്ക് മറുപടിയായിട്ടാണെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ യുവതി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: