തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകക്കേസ് അന്വേഷണം പാര്‍ട്ടിയും സര്‍ക്കാരും ഇടപെട്ട് അട്ടിമറിച്ചതില്‍ പോലീസിനുള്ളില്‍ അമര്‍ഷം പുകയുന്നു. സന്ദീപ് കുമാറിന്റേത് രാഷ്ടീയ കൊലപാതകമാണെന്ന സിപിഎം നിലപാടിനെ പോലീസ് ആദ്യം തള്ളിയിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന നിലപാടിലായിരുന്നു പോലീസ്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനം നടത്തി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചതോടെ പോലീസിന് മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങേണ്ടി വന്നു.
സന്ദീപ് കുമാറിന്റെ കൊലപാതകം വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നുണ്ടായതെന്നു പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് സിപിഎം കേന്ദ്രങ്ങളില്‍ നിന്നുണ്ടായത്. ഉത്തരവാദിത്വ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പോലും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. തിരുവല്ല ഏരിയ സെക്രട്ടറി പരസ്യമായി പോലീസിനെതിരെ തിരിഞ്ഞു. ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്നും പറഞ്ഞു. എഫ്ഐആറില്‍ ബിജെപി പ്രവര്‍ത്തകരാണ് പ്രതികളെന്ന് എഴുതി ചേര്‍ത്തതിന് ശേഷമാണ് സിപിഎം കേന്ദ്രങ്ങളുടെ സൈബര്‍ ആക്രമണത്തിന് അറുതിയായത്. ഇതെല്ലാം പോലീസില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. കരുവാറ്റയില്‍ പ്രതികളെ ഒളിച്ചു താമസിക്കാന്‍ സഹായിച്ചവരെയും കൊലപാതകം ആസൂത്രണം ചെയ്തവരെയും ഇനിയും പിടികൂടാനുണ്ട്. എന്നാല്‍ ഇനിയുള്ള അന്വേഷണം പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ ആയിരിക്കും നടക്കുക എന്ന സൂചനയാണ് പുറത്ത് വരുന്നത്.
സന്ദീപ്കുമാറിന്റെ പെരിങ്ങരയിലെ വീട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെത്തി. കുടുംബത്തെ പാര്‍ട്ടി ഏറ്റെടുക്കുമെന്നും ഭാര്യക്ക് ജോലി നല്‍കുമെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: