തലശ്ശേരി: തലശ്ശേരിയില്‍ കഴിഞ്ഞ ദിവസത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളി പ്രകടനത്തിലും തുടര്‍ന്നുണ്ടായ ജനകീയ പ്രതിഷേധത്തിലും പോലീസ് സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടില്‍ രോഷം ശക്തം. പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളി പ്രകടനത്തില്‍ കേസെടുക്കാന്‍ തയ്യാറാകാത്ത പോലീസ് ബിജെപി നേതാക്കള്‍ക്കെതിരെ ഏകപക്ഷീയമായി കേസെടുത്തു.
തലശ്ശേരിയെ കലാപഭൂമിയാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തിയ പ്രകടനത്തില്‍ രാജ്യവിരുദ്ധവും സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്നതുമായ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടും പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിലും സിപിഎം പരിപാടിയിലും ഒരേ ആളുകള്‍ പങ്കെടുത്തതിനാലാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ കേസെടുക്കാത്തത്. സിപിഎം നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നത്. കൊലവിളി പ്രകടനം കഴിഞ്ഞ് സംഘര്‍ഷം സൃഷ്ടിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സംഘടിച്ചപ്പോള്‍ പോലീസ് നിഷ്ക്രിയമായിരുന്നു.
ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിനത്തില്‍ അച്ചടിച്ചുകൊടുത്ത മുദ്രാവാക്യങ്ങള്‍ മാത്രമാണ് വിളിച്ചത്. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്ന ആരോപണമുയര്‍ന്നപ്പോള്‍ ശബ്ദ സാമ്പിളുകള്‍ പരിശോധിക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും നേതൃത്വം പറഞ്ഞിട്ടും പ്രകടനത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പരിശോധന നടത്തി അവരെ അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിന്ദുവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ഹൈന്ദവ പ്രസ്ഥാനങ്ങളുടെയും ബിജെപിയുടെയും ജില്ലാ നേതാക്കളെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത് പോലീസിന്റെ ഇരട്ടത്താപ്പും വിധേയത്വവുമാണ് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: