കോഴിക്കോട്: കെഎസ്ഇബി സിവില്‍ ജനറേഷന് ഡയറക്ടര്‍ ഓഫീസിന്റെ പിടിപ്പുകേട് മൂലം വൈദ്യുതി ബോര്‍ഡിന് വീണ്ടും കോടികളുടെ നഷ്ടം. ഇപ്പോള്‍ മൊത്തം 9,500 കോടി രൂപയുടെ നഷ്ടം പേറുന്ന ബോര്‍ഡിന് കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി റീടെന്‍ഡര്‍ ചെയ്തതിലൂടെ അമ്പത് കോടിയോളം രൂപ നഷ്ടമായി. ജില്ലയിലെ മറ്റ് രണ്ട് ചെറുകിട ജലവൈദ്യുത പദ്ധതികളായ ഓലിക്കല്‍, പൂവാരംതോട് പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ വൈകിപ്പിച്ചതിലൂടെ ഇത്രതന്നെ തുക വീണ്ടും നഷ്ടമാകും.
2018ല്‍ പ്രവൃത്തി തുടങ്ങേണ്ടിയിരുന്ന ഈ പദ്ധതി ഒരു വര്‍ഷം മുമ്പ് പണിതീരേണ്ടതായിരുന്നു. എന്നാല്‍ ടെന്‍ഡര്‍ നല്കിയ ശേഷം ജിഎസ്ടി നടപ്പാക്കിയതിന് ശേഷം വര്‍ക്ക് കോണ്‍ട്രാക്ട് ടാക്സില്‍ വന്ന ഒരു കോടി രൂപയുടെ വ്യത്യാസത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കരാറുകാരനെ ഒഴിവാക്കുകയായിരുന്നു. രണ്ട് വര്‍ഷം വൈകിയതിനെ തുടര്‍ന്ന് നിശ്ചിത വൈദ്യുതി ഉത്പാദനം നടക്കാത്തതിനാല്‍ വില ലഭിക്കാത്തതു മൂലമുള്ള നഷ്ടം 35 കോടിയിലേറെ രൂപ. വിലവ്യതിയാനം വഴിയുള്ള നഷ്ടം അഞ്ച് കോടിയും പുതിയ കരാര്‍ തുകയിലെ വര്‍ദ്ധന അഞ്ച് കോടിയും ഉള്‍പ്പെടെ നഷ്ടം അമ്പത് കോടിയോളം.
ഇതേ അവസ്ഥയിലേക്കാണ് ഓലിക്കല്‍-പൂവരാംതോട് പദ്ധതികളും നീങ്ങുന്നത്. ഓലിക്കല്‍ പദ്ധതിയില്‍ അഞ്ച് മെഗാവാട്ടും പൂവാരംതോട് പദ്ധതിയില്‍ മൂന്ന് മെഗാവാട്ടുമാണ് സ്ഥാപിത ശേഷി നിശ്ചയിച്ചിട്ടുള്ളത്. 2016ലെ ഡിഎസ്ആര്‍ (ദല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്) അനുസരിച്ച് ഈ പദ്ധതികള്‍ക്ക് ക്വാട്ട് ചെയ്യപ്പെട്ടത് എസ്റ്റിമേറ്റ് തുകയേക്കാള്‍ ഏഴ് ശതമാനം കൂടുതലായിരുന്നു. എന്നാല്‍ 2018ലെ ഡിഎസ്ആര്‍ വന്നപ്പോള്‍ ക്വാട്ട് ചെയ്ത തുക എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറവായി. എന്നിട്ടും പ്രവൃത്തി തുടങ്ങാന്‍ തയ്യാറായില്ല. ഇപ്പോള്‍ റീ ടെന്‍ഡര്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഇതോടെ പെരുവണ്ണാമൂഴി പദ്ധതിയുടെ കാര്യത്തിലെന്ന പോലെ ഈ പദ്ധതികള്‍ക്കും അമ്പത് കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാകുമെന്നുറപ്പായി.
ടെന്‍ഡറുകള്‍ അംഗീകരിച്ച് പ്രവൃത്തി തുടങ്ങുന്നത് അകാരണമായി വൈകിപ്പിക്കുകയും റീ ടെന്‍ഡറിലേക്ക് നീങ്ങുന്നതുമാണ് ഇത്രയും ഭീമമായ നഷ്ടത്തിന് ഇടവരുത്തുന്നത്. വൈകിപ്പിക്കല്‍ ചിലര്‍ മനഃപൂര്‍വ്വം സൃഷ്ടിക്കുന്നതാണെന്നും ആരോപണമുണ്ട്. ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രം ഉത്പാദിപ്പിക്കുന്ന കെഎസ്ഇബി ബാക്കിയുള്ള വൈദ്യുതി വിലകൊടുത്തു വാങ്ങുകയാണ് ചെയ്യുന്നത്. കേന്ദ്രപൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിക്ക് പുറമെ സ്വകാര്യ കമ്പനികളില്‍ നിന്നും വൈദ്യുതി വില കൊടുത്തു വാങ്ങേണ്ടി വരാറുണ്ട്. സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം പരമാവധി കുറഞ്ഞിരിക്കണമെന്ന ചിലരുടെ താത്പര്യത്തിന് പിന്നില്‍ ഇങ്ങനെ വന്‍വില കൊടുത്ത് സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് ലഭിക്കുന്ന കമ്മീഷനാണെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: