ഡോ. ബി.എസ്. ഹരിശങ്കര്‍
നമ്മുടെ പൂര്‍വ്വികരില്‍നിന്നും പൈതൃകമായി ലഭിച്ച ഭൂതകാല സമ്പത്തിനെക്കുറിച്ച് യൂറോപ്യന്‍ പാര്‍ലമെന്റിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പ് അധ്യക്ഷനായ മാര്‍ട്ടിന്‍ സ്‌കള്‍സ് നടത്തിയ നിരീക്ഷണങ്ങള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. politics of the past: The use and Abuse of History (2009) എന്ന ഗ്രന്ഥത്തിന്റെ ആ മുഖത്തില്‍ സ്‌കള്‍സ് ഇപ്രകാരം രേഖപ്പെടുത്തുകയുണ്ടായി. ”ഓരോ രാഷ്‌ട്രവും ഓരോ തലമുറയും തങ്ങളുടെ ഭൂതകാലത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്. പക്ഷേ അത് മിഥ്യകള്‍ പ്രചരിപ്പിച്ചും, എതിരാളികളെ ആക്രമിക്കുവാന്‍ രാഷ്‌ട്രീയ വ്യാഖ്യാനങ്ങള്‍ കെട്ടിച്ചമച്ചും ആയിരിക്കരുത്. നമ്മുടെ പൂര്‍വികരില്‍നിന്ന് പൈതൃകമായി ലഭിച്ച കൂട്ടായ ഓര്‍മകളും ചരിത്രവും നാം ഇതിനായി ഔചിത്യത്തോടെയും സത്യസന്ധതമായും ഉപയോഗിക്കണം.
വിഖ്യാത ഭാരത പുരാതത്ത്വ പണ്ഡിതന്‍ പ്രൊഫ.ദിലീപ് ചക്രവര്‍ത്തി ന്യൂദല്‍ഹിയിലെ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനില്‍ 2019 ഫെബ്രുവരി 27 ന് നടത്തിയ പ്രഭാഷണം സാമൂഹ്യ വിഭാഗീയതയ്‌ക്കായി ചരിത്രത്തെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചായിരുന്നു. നമ്മുടെ ചരിത്ര പഠനങ്ങളില്‍ ഇന്ന് പ്രകടമായി കാണുന്ന പ്രവണത മാനവ ഐക്യത്തെ സുദൃഢപ്പെടുത്തുന്നതിനല്ല, മറിച്ച് മാനവ ഭിന്നതകളില്‍ ഊന്നിനില്‍ക്കുവാനാണ്. ഓരോ വംശഹത്യയുടെ പിന്നിലും ഭിന്നതയുടെ ഒരു പരിപ്രേക്ഷ്യം ഉണ്ടെന്നും, ആധുനിക ചരിത്ര പഠനങ്ങള്‍ ഇതിനെ ബലപ്പെടുത്തുന്നതായും ദിലീപ് ചക്രവര്‍ത്തി പറയുകയുണ്ടായി.
മലയാള ഭാഷാ പണ്ഡിതനായ ഡോ.എ.എം. ഉണ്ണികൃഷ്ണന്‍ എഡിറ്റ് ചെയ്ത ചട്ടമ്പി സ്വാമി പഠനങ്ങള്‍ മൂന്ന് വാല്യങ്ങളായി പ്രസിദ്ധീകരിച്ചപ്പോള്‍ ഈ ലേഖകനും പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. കാരണം ഒന്നാമതായി ഇത്തരത്തില്‍ ഒരു പഠനം മലയാളത്തിലെ പ്രഥമ സംരംഭമാണെന്നതു തന്നെ. രണ്ടാമത് ഞാനും ഒരു ചെറിയ ലേഖനം അതിലേക്ക് നല്‍കി എന്നതും.
പി.കെ. പരമേശ്വരന്‍ നായര്‍ ട്രസ്റ്റും ഡിസിബുക്‌സും ചേര്‍ന്ന് മൂന്ന് വാല്യങ്ങളായി പ്രസിദ്ധീകരിച്ച ‘ചട്ടമ്പി സ്വാമി പഠനങ്ങള്‍’ അച്ചടി മേന്മകൊണ്ട് ആകര്‍ഷണീയമാണ്. അതില്‍ വിവിധ വ്യക്തികള്‍ എഴുതിയ ലേഖനങ്ങള്‍ വായിച്ചപ്പോള്‍ ഈ പഠനങ്ങളിലാകെ നിറഞ്ഞുനില്‍ക്കുന്നത് നാല് സിദ്ധാന്തങ്ങളെ ചട്ടമ്പി സ്വാമികളുമായി ബന്ധിപ്പിച്ച് ആ മഹായോഗിയെ അവയുടെ പ്രബല വക്താവായി കേരള സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണെന്ന് തോന്നി.
ചട്ടമ്പി സ്വാമികള്‍ എന്ന കേരള നവോത്ഥാന കാലത്തെ മഹായോഗിയുടെ ഇസ്ലാമികവല്‍ക്കരണം, മാര്‍ക്‌സിസ്റ്റുവല്‍ക്കരണം, ദ്രാവിഡ വിഘടനവാദം എന്നിവയിലാണ് ഈ പഠനത്തിലെ ചില ലേഖനങ്ങള്‍ ഊന്നുന്നത്.ഈ സിദ്ധാന്തങ്ങളൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്നത് ചരിത്രകാരന്മാര്‍ തിരസ്‌കരിച്ച പരശുരാമ ഐതിഹ്യത്തെ കേന്ദ്രീകരിച്ചതാണെന്നതാണ് ഏറെ വിചിത്രം. അപ്രസക്തമായ ഒരു ഐതിഹ്യത്തെ പൊടിതട്ടിയെടുത്ത് അതിനെ കേന്ദ്രീകരിച്ച് ആധുനിക ചരിത്ര സാമൂഹ്യ സാംസ്‌കാരിക പഠനങ്ങള്‍ നടത്തുന്നത് ചോദ്യം ചെയ്യപ്പെടും.
ചട്ടമ്പി സ്വാമികളുടെ ഇസ്ലാമിക ദര്‍ശനവുമായുള്ള ബന്ധം ഈ പഠനങ്ങളില്‍ പ്രധാനമാണ്. ഹൈന്ദവ പാരമ്പര്യത്തിലുറച്ചുനിന്നിരുന്ന ഒരു മഹായോഗിക്ക് വിവിധ മതദര്‍ശനങ്ങളുമായുള്ള അറിവും വ്യവഹാരവും സ്വാഭാവികം മാത്രം, പ്രത്യേകിച്ച് ഭാരതത്തില്‍. പക്ഷേ ഇവിടെ സവിധ സലിം അവരുടെ ‘ചട്ടമ്പി സ്വാമികളും ഇസ്ലാമിക ദര്‍ശനവും’ എന്ന ലേഖനത്തില്‍ (VOL I PP 594598) ഉദ്യമിക്കുന്നത് സ്വാമികളുടെ ഇസ്ലാമിക മത വിദ്യാഭ്യാസവും വേദാന്തവും ഇസ്ലാമും തമ്മിലുള്ള സമത്വവും, ഇസ്ലാമിലെ മാംസഭക്ഷണ രീതിയുടെ പ്രസക്തിയെക്കുറിച്ചുള്ള സ്വാമികളുടെ ഗ്രാഹ്യവും, ഖുര്‍ ആന്‍ വീക്ഷണമാണ് സ്വാമികള്‍ക്കും ഉണ്ടായിരുന്നതെന്ന് സ്ഥാപിച്ചെടുക്കാനുമാണ്. ഈ സമീപനം വിമര്‍ശിക്കപ്പെടേണ്ടതുണ്ട്. ഇപ്രകാരമുള്ള മറ്റൊരു ശ്രമമാണ് ഡോ. സുരേഷ് മാധവ് തന്റെ ദാസന്‍ എന്ന ലേഖനം വഴി (VOL I PP 386389) ശ്രമിക്കുന്നത്. ചട്ടമ്പി സ്വാമികളുടെ വിമര്‍ശന വിപ്ലവത്തിന്റെ തനിമ സുരേഷ് മാധവ് ചര്‍ച്ച ചെയ്യുന്നത് വ്യാസനും ബുദ്ധനും ശങ്കരനും നബിയും നടത്തിയ ആത്മീയ നവീകരണവുമായി ബന്ധപ്പെടുത്തിയാണ്. ലേഖകന്‍ ഇതില്‍ സമാനതയെ ദര്‍ശിക്കുന്നു. ഇത്തരത്തില്‍ മറ്റൊരു ലേഖനമാണ് ഇഫ്തിഖാര്‍ അഹമ്മദിന്റേത് (VOL III P. 2530).
കേരളത്തിലെ ഹിന്ദു ദാര്‍ശനികരേയും നവോത്ഥാന സംന്യാസിമാരേയും ഇസ്ലാമികവല്‍ക്കരിക്കുവാനുള്ള സംരംഭം ഇതാദ്യമല്ല. 1995 ല്‍ മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്‍ ശ്രീശങ്കരന്‍ ഇസ്ലാമിക ചിന്തയുടെ ഏകാത്മതയില്‍ ആകൃഷ്ടനായെന്നും, ആചാര്യന്റെ അദൈ്വത ചിന്ത ഇസ്ലാമില്‍നിന്നു രൂപപ്പെട്ടതാണെന്നും നടത്തിയ പ്രസ്താവന വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയല്ലോ. പ്രതിരോധത്തിലായ കെ.ആര്‍. നാരായണന് പിന്തിരിയേണ്ടി വന്നു. ശ്രീശങ്കരന്റെ അദൈ്വത പരമ്പരയില്‍പ്പെട്ടവരെന്ന് അവകാശപ്പെട്ട രണ്ടു സംന്യാസിമാര്‍ ഹിന്ദുക്കളോട് ഇസ്ലാം സ്വീകരിക്കുവാന്‍ 2009 ല്‍ ആഹ്വാനം ചെയ്തതും വിവാദമായി. (ഹിന്ദുസ്ഥാന്‍ ടൈംസ്, സപ്തംബര്‍ 24, 2009).
ശ്രീനാരായണ ഗുരുദേവനെ ഇസ്ലാമികവല്‍ക്കരിക്കാനും ശ്രമങ്ങളുണ്ടായിട്ടുണ്ട്. സമീപകാലത്ത് ഇടതുചിന്തകനും പു.ക.സ വക്താവുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് എഴുതിയ ഒരു ലേഖനത്തില്‍ ശിവഗിരിയില്‍ മസ്ജിദ് നിര്‍മിക്കുവാന്‍ ഗുരുദേവന്‍ തന്റെ സുഹൃത്തായ അബ്ദുള്‍ അസീസ് മൗലവിയെ ക്ഷണിച്ചുവെന്നും, ഗുരുദേവ കൃതികളില്‍ ഇസ്ലാമിക ചിന്താപദ്ധതിയുടെ ആശയപ്രകാശനം കണ്ടെത്താമെന്നും, പ്രത്യേകിച്ച് അനുകമ്പ ദശകം എന്ന കൃതി പ്രവാചകനെ കുറിക്കുന്നതാണെന്നും വാദിക്കുകയുണ്ടായി. (ടൈംസ് ഓഫ് ഇന്ത്യ, 01-01-2019).
2019 ഡിസംബര്‍ 21 ന്, ദല്‍ഹിയില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ച ചരിത്രകാരനും എഴുത്തുകാരനുമായ വില്യം ഡാല്‍റിമ്പിള്‍ ഭാരത ചരിത്രത്തെ ഇടതുചരിത്രകാരന്മാരും അവരുടെ സഹയാത്രികരായ നെഹ്രുവിയന്‍ ചരിത്രകാരന്മാരും ചേര്‍ന്ന് ഹൈജാക്ക് ചെയ്തുവെന്നും, ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ ചായം പൂശിയ കപട വ്യാഖ്യാനമാണ് നമുക്ക് നല്‍കിയതെന്നും ആരോപിക്കുകയുണ്ടായി. ചട്ടമ്പിസ്വാമി പഠനങ്ങളിലും ഇതിനായുള്ള ശ്രമമാണ് നടക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു.
ചട്ടമ്പിസ്വാമിയേയും അദ്ദേഹത്തിന്റെ കൃതികളെയും മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളും ഈ പഠനങ്ങളില്‍ കാണാം. ഡോ.എന്‍. അജിത് കുമാര്‍ ‘ദ്രാവിഡ പാരമ്പര്യം’ എന്ന ലേഖനത്തില്‍ മാര്‍ക്‌സിസ്റ്റ് വീക്ഷണപ്രകാരം ഉള്ളവനും ഉടമയുമായ ആര്യനും, ഇല്ലാത്തവനും തൊഴിലാളിയുമായ ദ്രാവിഡനും എന്ന വര്‍ഗ്ഗ വൈരുദ്ധ്യത്തില്‍, ചട്ടമ്പിസ്വാമികള്‍ ആശയപരമായി ഇല്ലാത്തവനായ ദ്രാവിഡനെ പിന്തുണക്കുന്നു എന്നു വാദിക്കുന്നു!
ദ്രാവിഡ വാദത്തിന്റെ സിദ്ധാന്തങ്ങള്‍ ഉന്നയിക്കുന്ന മിക്ക ലേഖനങ്ങളും (ഡോ.എന്‍. അജിത് കുമാര്‍ VOL III PP 2280þ2281, സിതാര. വി VOL III P 2747) ബിഷപ്പ് റോബര്‍ട്ട് കാഡ്‌വെലിന്റെ നിരീക്ഷണങ്ങളെ മുറുകെ പിടിച്ചാണ് വാദമുഖങ്ങള്‍ നിരത്തുന്നത്.
കൊളോണിയല്‍ ഇടതു സിദ്ധാന്തങ്ങളായ ആര്യന്‍ ആക്രമണവാദവും ആര്യന്‍ കുടിയേറ്റവാദവും ചട്ടമ്പി സ്വാമികളുടെ കൃതികളെ ആവരണമാക്കി ഇതിലെ പല ലേഖനങ്ങളിലും അണിനിരത്തുന്നുണ്ട്. എസ്. ബാലരാമ കൈമള്‍ (VOL II PP 11871189), എം. ശ്രീനാഥന്‍ (VOL II PP 1246), കെ. ഗോമതിയമ്മാള്‍ (VOL II PP1734), എന്‍. അജിത് കുമാര്‍ (VOL III PP 2273, 2276) എന്നിവരുടേത് ചില ഉദാഹരണങ്ങളാണ്. ആര്യന്‍ ആക്രമണ/കുടിയേറ്റവാദത്തെയും ജാതീയമായ ഉച്ചനീചത്വങ്ങളെയും സംസ്‌കൃതത്തെയും സംയോജിപ്പിച്ച് തമിഴ് ഭാഷാ ദ്രാവിഡ സിദ്ധാന്തങ്ങള്‍ക്ക് ബദലായി അവതരിപ്പിക്കുവാനുള്ള ശ്രമമാണ് ഇവയിലെല്ലാം പ്രകടമാവുന്നത്. കേരളത്തില്‍ നിലനിന്നിരുന്ന ജാതി വിവേചനങ്ങളേയും സംസ്‌കൃതത്തെയും ബന്ധിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ചരടാണ് ബ്രാഹ്മണവല്‍ക്കരണം. പാശ്ചാത്യ ഇടതുപക്ഷ വാദികള്‍ക്ക് ഏറെ പ്രിയങ്കരമാണ് ഈ പദപ്രയോഗം. ആര്യന്‍ ആക്രമണ/കുടിയേറ്റങ്ങള്‍ക്കുശേഷം വിവിധ പ്രാദേശിക സംസ്‌കാരങ്ങളെ തച്ചുടച്ച് ജാതിമേല്‍ക്കോയ്മ കൊണ്ടുവരികയും, അവയുടെ സ്വത്വത്തിന്റെ വേരറുക്കുകയും ചെയ്യുന്ന പ്രക്രിയയെയാണ് ഈ പദപ്രയോഗം അര്‍ത്ഥമാക്കുന്നത്.
ചരിത്രകാരന്മാരും സാമൂഹ്യ ശാസ്ത്രജ്ഞരും ഇതിനോടകം പാടെ തള്ളിക്കളഞ്ഞ ആര്യന്‍ ആക്രമണ/കുടിയേറ്റവാദം ഇന്നും നിരന്തരം ഉന്നയിക്കുന്നത് ദ്രാവിഡ വിഘടനവാദികളും ഇടതുപക്ഷവുമാണ്. അവയ്‌ക്ക് പിന്തുണ നല്‍കുന്നതാണ് ചട്ടമ്പി സ്വാമി പഠനങ്ങളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ പഠനങ്ങളില്‍ പലയിടത്തും കാണുന്ന ഒരു പ്രവണത മലയാള ഭൂമിയുടെ ശരിയായ അവകാശവും ആധിപത്യവും മലയാളി നായര്‍ ഭൂപ്രഭുക്കന്മാര്‍ക്കാണെന്ന് സ്ഥാപിച്ചെടുക്കുകയാണ്. ഉദാഹരണമായി ഡോ. വൈശാഖ് സദാശിവന്‍ എന്ന ലേഖകന്റെ വാദഗതി കാണുക (വാല്യം III ചരിത്രരചനാ പദ്ധതി പേജ്-2264). വനഭൂമിയുടെ അവകാശികളായ വനവാസി ജനവിഭാഗവും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹങ്ങളും ഇവിടെ തമസ്‌കരിക്കപ്പെടുന്നു. ഈ പഠനങ്ങളുടെ ഉദ്ദേശ്യശുദ്ധി തന്നെ ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നു. മാനവ ഐക്യത്തെ സുദൃഢപ്പെടുത്തുവാനല്ല, മറിച്ച് ഭിന്നതകളില്‍ ഊന്നിനില്‍ക്കുന്നവാനാണ് ഇക്കാലത്തെ പഠനങ്ങളില്‍ ശ്രമിക്കുന്നതെന്ന പ്രൊഫ. ദിലീപ് ചക്രവര്‍ത്തിയുടെ നിരീക്ഷണം ഇത് അന്വര്‍ത്ഥമാക്കുന്നു.
ഈ പഠനങ്ങളിലെ പല ലേഖനങ്ങളിലും റഫറന്‍സുകളില്ല. ഇത്തരം ബൃഹദ് പഠനങ്ങളില്‍ അവ ആവശ്യമില്ലാത്തതുകൊണ്ടാണോ അതോ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖകള്‍ ലഭിക്കാത്തതിനാലാണോ എന്നറിയില്ല. ഒരു ജനറല്‍ ഇന്‍ഡക്‌സിന്റെ അഭാവവും വളരെ പ്രകടമാണ്.
ചരിത്രകാരനും ഗ്രന്ഥകര്‍ത്താവുമായ ഡാല്‍റിബിള്‍ ബ്രിട്ടീഷ് ടെലിവിഷന്റെ ചാനല്‍ ഫോറിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്രകാരം പറയുകയുണ്ടായി. ”നാം നമ്മുടെ ചരിത്രം സംരക്ഷിക്കേണ്ടതുണ്ട്. അതിനായി പല്ലും നഖവുമുപയോഗിച്ച് പോരാടണം. കാരണം അത് മാറ്റിമറിക്കുവാന്‍ മറ്റുള്ളവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും.”
ആര്‍ക്കിയോളജിസ്റ്റും കള്‍ച്ചറല്‍ ടെററിസം, ബിയോണ്ട് റാംപേജ് എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: