ഊണും ഉറക്കവുമില്ലാത്ത വാന നിരീക്ഷണം. അതായിരുന്നു മനോജ് ദത്തയുടെ ഒരേയൊരു ഹോബി. പെന്ഷന് പറ്റിയതോടെ അയാള്‍ ഒരു എട്ടിഞ്ചിന്റെ ടെലിസ്കോപ്പ് വാങ്ങി. അതോടെ പുര്‍ണസമയ വാന നിരീക്ഷണമായി ഹോബി. മനോജ് ദത്തയുടെ ജീവിതത്തിലെ ഒരേയൊരാഗ്രഹം ഇതായിരുന്നു. സ്വന്തമായി ഒരു വാല് നക്ഷത്രത്തെ കണ്ടുപിടിക്കണം.
അങ്ങനെയിരിക്കെ ഇരുണ്ടു മങ്ങിയ ഒരു രാത്രിയില്‍ അയാള്‍ ആ കാഴ്ച കണ്ടു. അനന്തതയില്‍ പൊട്ടുപോലെ ഒരു വാല്‍നക്ഷത്രം. മനോജ് ദത്ത സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അസ്ട്രോ ഫിസിക്സിനെ വിവരമറിയിച്ചു. അവര്‍ ശാസ്ത്ര ലോകത്തെയും. അങ്ങനെ വാല്‍നക്ഷത്രത്തിന് പുതിയൊരു പേര് കിട്ടി. ‘കോമറ്റ് ദത്ത.’ പക്ഷേ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി വൈകാതെ പുറത്തുവന്നു. ഈ വാല്‍നക്ഷത്രം ഭൂമിയുടെ നേര്‍ക്ക് പാഞ്ഞടുക്കുകയാണ്. ഒരു വര്‍ഷത്തിനകം അത് ഭൂഗോളത്തില്‍ വന്നിടിക്കും.
ലോകമാകെ ആശങ്ക പരന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതിരോധ ശാസ്ത്ര ഉപദേഷ്ടാവ് ആകാശ ശാസ്ത്രജ്ഞരുടെ അടിയന്തര യോഗം വിളിച്ചു. തുടര്‍ന്ന് അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചകള്‍. അതിലൊക്കെ മനോജ് ദത്തയും ക്ഷണിക്കപ്പെട്ട അതിഥി. ആ യോഗങ്ങളുടെയൊക്കെ ഏക അജണ്ട ഇതായിരുന്നു. ലോകത്തെ രക്ഷിക്കുക.
ഒടുവില്‍ ആഗോളതലത്തില്‍ ശാസ്ത്രജ്ഞര്‍ ഒരു തീരുമാനമെടുത്തു. ആണവ പോര്‍മുന ഘടിപ്പിച്ച റോക്കറ്റ് വാല്‍നക്ഷത്രത്തെ ഉന്നംവച്ച് തൊടുത്തുവിടുക. സ്ഫോടനത്തിലൂടെ അതിന്റെ ഗതിമാറ്റി ഭൂമിയെ രക്ഷിക്കുക. ആകാശത്തിന്റെ അനന്തയില്‍ ഒരു ആണവസ്ഫോടനം നടന്നു. വാല് നക്ഷത്രത്തിന്റെ ഗതി മാറി. ഭൂഗോളം സര്‍വനാശത്തില്‍നിന്ന് രക്ഷപ്പെട്ടു. പ്രസിദ്ധ പ്രപഞ്ച ശാസ്ത്രജ്ഞന് ജയന്ത് നര്‍ലിക്കര്‍ മൂന്ന് പതിറ്റാണ്ടിനപ്പുറത്തെഴുതിയ ‘കോമറ്റ്’ എന്ന ശാസ്ത്ര നോവലിന്റെ ഇതിവൃത്തമായി ഈ കഥ. അന്ധവിശ്വാസത്തിനെതിരെ ശാസ്ത്രം നേടുന്ന വിജയത്തിന്റെ കഥ. പക്ഷേ അന്ന് ജയന്ത് നര്‍ലിക്കര്‍ ഭാവനയില്‍ കണ്ടതിന്റെ പരീക്ഷണ ദൗത്യം ഈ നവംബര്‍ 24 ന് സംഭവിച്ചു.
ഉല്‍ക്കകളും ഛിന്നഗ്രഹങ്ങളും ഭൂമിയില്‍ ഇടിച്ചിറങ്ങാനെത്തിയാല് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ശാസ്ത്രലോകം ഗൗരവമായി പരിഗണിച്ചു. കോടാനുകോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കൂറ്റന്‍ ഉല്‍ക്ക അഥവാ ഛിന്നഗ്രഹം വന്ന് വീണ് ഭൂമിയിലെ ജീവജാലങ്ങള്‍ അസ്തമിച്ചത് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ അവര്‍ ഒത്തുചേര്‍ന്നു. അങ്ങനെ അമേരിക്കയുടെ ബഹിരാകാശ സംഘടനയായ ‘നാസ’ ഭൗമപ്രതിരോധ പദ്ധതിയായ പ്ലാനറ്ററി ഡിഫന്‍സിനു രൂപംനല്കി. ഭൂമിയുടെ നിലനില്‍പ്പിനു ഭീഷണി ആയേക്കാവുന്ന ഛിന്നഗ്രഹങ്ങളെ ആകാശത്തിന്റെ അഗാധതയില്‍ വച്ചു തന്നെ വഴിതിരിച്ചു വിടാനും ആവശ്യമെങ്കില്‍ തകര്‍ത്തുകളയാനുമുള്ള പദ്ധതി.
ആ പദ്ധതിയുടെ ആദ്യ പരീക്ഷണമായിരുന്നു 2021 നവംബര്‍ 24 ന് നടന്ന ‘ഡാര്‍ട്ട്’ അഥവാ ഡബിള്‍ അസ്ട്രോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റ്. അന്ന് കാലിഫോര്‍ണിയയിലെ വാന്‍ഡര്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍നിന്ന് ‘സ്പേസ് എക്സി’ന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് കരുത്തില്‍ കുതിച്ചുയര്‍ന്ന ഡാര്‍ട്ട് ദൗത്യം വെറുമൊരു പരീക്ഷണം മാത്രമായിരുന്നില്ല. മറിച്ച് മനുഷ്യരാശിയുടെ സുരക്ഷിതത്വത്തിനുള്ള കരുതല്‍ കൂടിയായിരുന്നു.
കേവലം 612 കിലോഗ്രാം മാത്രം ഭാരമുള്ള കുഞ്ഞന്‍ ഉപഗ്രഹത്തെ ചുമന്ന് സെക്കന്റില്‍ 6.5 കിലോമീറ്റര്‍ വേഗത്തില്‍ ‘ഡാര്‍ഡ്’ എവിടേക്കാണ് കുതിച്ചു പായുന്നത്? ഡൈമോര്‍ഫോസ് എന്ന ഛിന്ന ഗ്രഹത്തിലേക്ക്. ബഹിരാകാശത്തിന്റെ അനന്തതയില്‍ ഭ്രമണം ചെയ്യുന്ന ഡിഡിമോസ് എന്ന വമ്പന്‍ ഛിന്നഗ്രഹത്തിനു ചുറ്റും ഭ്രമണം ചെയ്യുന്ന കേവലം 163 മീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ഡൈമോര്മോസ്. ഈ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം ഇടിച്ചു മാറ്റുകയെന്നതാണ് ഡാര്‍ട്ടിന്റെ ദൗത്യം. 2022 സപ്തംബര്‍ അവസാനമായിരിക്കും പരീക്ഷണത്തിന്റെ അവസാന ഘട്ടം.
ഛിന്നഗ്രഹത്തിലേക്ക് ഡാര്‍ട്ട് ഇടിച്ചു കയറുന്നതിന് തൊട്ടു മുന്‍പ് അതില്‍ ഒളിച്ചിരിക്കുന്ന ‘ലിസിയ’ എന്ന കുഞ്ഞന്‍ ഉപഗ്രഹം ക്യാമറയുമായി പുറത്തുചാടും. ഇടിയുടെ ആക്ഷന്‍ വീഡിയോ ചിത്രീകരിക്കാന്‍. ആ ചിത്രങ്ങള്‍ ഭാവിയില്‍ ശാസ്ത്രജ്ഞര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കും. അനന്തതയില്‍ നിന്നെത്തുന്ന ക്ഷണിക്കപ്പെടാത്ത അതിഥികളെ അകലെ വച്ചു തന്നെ വഴിമാറ്റി വിടാനുള്ള ഗൃഹപാഠം ചെയ്യാന്‍ അതവരെ പ്രാപ്തരാക്കും.
ആഫ്രിക്കയുടെ വരദാനമായി ഒരു വാക്സിന്
മലേറിയയെ നേരിടാന്‍ ഒരു വാക്സിന് കൂടി തയ്യാര്‍. ആഫ്രിക്കയിലെ സഹാറാ മേഖലയിലെ കുട്ടികള്‍ക്കെല്ലാം ഈ വാക്സിന് നല്‍കാനാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. ഈ തീരുമാനം ചരിത്രപരമെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ മേധാവി മാഷിഡിസോ മോട്ടി വിശേഷിപ്പിക്കുന്നു. എന്നാല്‍ ഫലപ്രാപ്തി കേവലം 50 ശതമാനം മാത്രമുള്ള ഈ വാക്സിന് നല്കിയിട്ടെന്തു കാര്യമെന്ന് വിമര്‍ശകര്‍.
അതറിയണമെങ്കില്‍ നാം ആഫ്രിക്കയിലെ അവസ്ഥ അറിയണം. വേള്‍ഡ് മലേറിയ റിപ്പോര്‍ട്ട് അനുസരിച്ച് 2019 ല്‍ ലോകമാകെ 229 ദശലക്ഷം പേരെയാണ് മലേറിയ ബാധിച്ചത്. അതില്‍ 94 ശതമാനവും ആഫ്രിക്കക്കാര്‍. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഫ്രിക്കയിലെ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പ്രതിവര്‍ഷം സംഭവിക്കുന്ന മലേറിയ മരണങ്ങള് 260000. ഓരോ രണ്ട് മിനിട്ടിലും അഞ്ച് വയസില്‍ താഴെയുള്ള ഓരോ കുട്ടി വീതം മലേറിയ ബാധിച്ച് മരിക്കുന്നുവെന്നാണ് യുണിസെഫ് കണക്ക്. ഭീകരമായ ഈ അവസ്ഥയില്‍, 50 ശതമാനമെങ്കിലും പ്രതിരോധം നല്കുന്ന വാക്സിന് കിട്ടിയാല്‍ അതുതന്നെ വലിയ കാര്യം എന്നാണ് ആഫ്രിക്കയിലെ ആരോഗ്യപ്രവര്‍ത്തകരുടെ നിലപാട്. ഈ വാക്സിന്റെ നാല് ഡോസുകള്‍ കുട്ടികളിലെ മലേറിയ മരണവും രോഗാതുരതയും കാര്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ചും കീടനാശിനി പ്രതിരോധം നേടിയ കൊതുകുകള്‍ പെറ്റു പെരുകിയതും കൊതുകുവല വ്യാപകമായി എത്തിക്കാനാവാത്തതുമൊക്കെ ആരോഗ്യപ്രവര്‍ത്തകരെ തുറിച്ചുനോക്കുന്ന വെല്ലുവിളികളാവുന്ന അവസ്ഥയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: