തൃശ്ശൂര്‍: സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ചികിത്സാ സഹായം ലഭിക്കാതായതോടെ നടി കെപിഎസി ലളിത ചികിത്സ മതിയാക്കിയെന്ന് ബന്ധുക്കള്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ആശുപത്രിയിലെ ഭാരിച്ച ചികിത്സാ ചെലവ് താങ്ങാനാവുന്നില്ല. അതുകൊണ്ട് വീട്ടിലേക്ക് മടങ്ങണമെന്ന് ലളിത ആവശ്യപ്പെടുകയായിരുന്നു.
ലളിതയുടെ ചികിത്സാ ചെലവുകള്‍ പൂര്‍ണമായും ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് സാങ്കേതികവും നിയമപരവുമായ തടസങ്ങളുണ്ടെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. വന്‍കിട സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്താല്‍ വിമര്‍ശനമുയരാന്‍ സാധ്യതയുണ്ടെന്നതും കാരണമാണ്. സര്‍ക്കാര്‍ ആശുപത്രികളിലോ മെഡിക്കല്‍ കോളജുകളിലോ ചികിത്സാ സൗകര്യമൊരുക്കാമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നത്.
അതിനിടെയാണ് കെപിഎസി ലളിത സ്വന്തം നിലക്ക് ഡിസ്ചാര്‍ജ് വാങ്ങി വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് മടങ്ങിയത്. ഇപ്പോള്‍ മരുന്നുകള്‍ കഴിക്കുന്നുണ്ട്. കരള്‍ മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കരള്‍ ദാനം ചെയ്യാന്‍ തയ്യാറുള്ളവര്‍ അറിയിക്കണമെന്ന് കാണിച്ച് മകള്‍ ശ്രീലക്ഷ്മി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഒട്ടേറെപ്പേര്‍ ഇതിനോട് പ്രതികരിച്ചു.
എന്നാല്‍ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ ഇപ്പോള്‍ ശസ്ത്രക്രിയ ചെയ്യാനാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ തുടരണമെന്ന് നിര്‍ദേശിച്ചുവെങ്കിലും വടക്കാഞ്ചേരി എങ്കക്കാടുള്ള വീട്ടിലേക്ക് മടങ്ങണമെന്ന് ലളിത നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. തുടര്‍ചികിത്സകള്‍ ആവശ്യമാണ്. ഇപ്പോഴത്തെ നിലയ്ക്ക് തുടര്‍ ചികിത്സയുടെ കാര്യം സര്‍ക്കാര്‍ തീരുമാനത്തെ ആശ്രയിച്ചാകും കൈക്കൊള്ളുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: