മുംബൈ: ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യ ആരാധകരില്‍ ഭൂരിഭാഗത്തിനും അജാസ് പട്ടേലിനെ അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനിച്ച മണ്ണില്‍ ചരിത്രം കുറിച്ച് ഈ ഇന്ത്യന്‍ വംശജന് സ്വന്തം പേര് റെക്കോഡ് പുസ്തകത്തില്‍ ഏഴുതിച്ചേര്ത്തു. വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലെ പത്ത് വിക്കറ്റും പോക്കറ്റിലാക്കി ‘പെര്‍ഫെക്ട് ടെന്‍’ എന്ന അപൂര്‍വനേട്ടം ഈ മുപ്പത്തിമൂന്നുകാരന് സ്വന്തമാക്കി. 47.5 ഓവറില്‍ 119 റണ്‍സ് വിട്ടുകൊടുത്താണ് പത്ത് വിക്കറ്റ് നേടിയത്. 12 ഓവര്‍ മെയ്ഡനായി.
ടെസ്റ്റ് മത്സരത്തിന്റെ ഒരു ഇന്നിങ്സിലെ പത്ത്് വിക്കറ്റും വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറാണ് അജാസ് പട്ടേല്‍. നേരത്തെ ഇംഗ്ലണ്ടിന്റെ ജിം ലേക്കറും ഇന്ത്യയുടെ അനില്‍ കുംബ്ലെയും ഈ പെര്‍ഫെക്ട് ടെന്‍ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഈ നേട്ടം കൈവരിച്ച മൂന്ന് ബൗളര്‍മാരും സ്പിന്നര്‍മാരാണ്. ഇംഗ്ലീഷുകാരനായ ജിം ലേക്കര്‍ 1956 ല്‍ മാഞ്ചസ്റ്ററില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലാണ് 53 റണ്‍സ് മാത്രം വിട്ടുകൊടുത്ത്് പത്ത വിക്കറ്റ് വീഴ്ത്തിയത്. ഇന്ത്യന്‍ ഇതിഹാസമായ അനില്‍ കുംബ്ലെ 1999 ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റില്‍ 74 റണ്‍സ് വിട്ടുകൊടുത്താണ് പത്തു വിക്കറ്റും പോക്കറ്റിലാക്കിയത്.
ന്യൂസിലന്‍ഡിനായി പതിനൊന്നാം ടെസ്റ്റ് കളിക്കുന്ന അജാസ് പട്ടേല്‍ 1988 ല്‍ ഒക്ടോബറില്‍ മുംബൈയിലാണ് ജനിച്ചത്. അജാസിന് എട്ട് വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ കുടുംബം ന്യൂസിലന്‍ഡിലേക്ക് ചേക്കേറിയത്. ന്യൂസിലന്‍ഡിനായി ക്രിക്കറ്റു കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വംശജനാണ് അജാസ് പട്ടേല്‍.
അജാസ് പേസ് ബൗളറായിട്ടാണ് കരിയര്‍ തുടങ്ങിയത്. മുന്‍ ന്യൂസിലന്‍ഡ് താരം ദീപക് പട്ടേലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അജാസ് ഇടം കൈയന്‍ സ്പിന്നറായത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യയുടെ നാലു വിക്കറ്റുകള്‍ വീഴ്ത്തിയ അജാസ് ഇന്നലെ ശേഷിക്കുന്ന ആറു വിക്കറ്റുകള്‍ കൂടി എറിഞ്ഞിട്ടു. ചരിത്ര നേട്ടം സ്വന്തമാക്കിയ അജാസിനെ സഹതാരങ്ങള്‍ അഭിനന്ദിച്ചു. ടെസ്റ്റ്് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പെര്‍ഫെക്ട് ടെന്‍ നേട്ടം സ്വന്തമാക്കിയ രണ്ടാമത്തെ ബൗളറായ അനില്‍ കുംബ്ലെ ട്വിറ്ററിലൂടെ അജാസിനെ അഭിനന്ദിച്ചു.
അജാസിന്റെ പത്ത് വിക്കറ്റുകള്‍: 1, ശുഭ്മന്‍ ഗില്‍ സി ടെയ്ലര് ബി പട്ടേല്‍ 44. 2, ചേതേശ്വര്‍ പൂജാര ബി പട്ടേല്‍ 0, 3. വിരാട് കോഹ് ലി എല്‍ബിഡബ്യൂ ബി പട്ടേല്‍ 0, 4. ശ്രേയസ് അയ്യര്‍ സി ബ്ലെന്‍ഡല്‍ ബി പട്ടേല്‍ 18, 5. വുദ്ധിമാന്‍ സാഹ എല്‍ബിഡബ്ല്യു ബി പട്ടേല്‍ 27, 6. ആര്. അശ്വിന് ബി പട്ടേല്‍ 0, 7. മായങ്ക് അഗര്‍വാള്‍ സി ബ്ലെന്‍ഡല്‍ ബി പട്ടേല്‍ 150, 8. അക്സര്‍ പട്ടേല്‍ എല്‍ബിഡബ്ല്യു ബി പട്ടേല്‍ 52, 9. ജയന്ത് യാദവ് സി രവിീന്ദ്ര ബി പട്ടേല്‍ 12, 10. മുഹമ്മദ് സിറാജ് സി രവീന്ദ്ര ബി പട്ടേല്‍ 4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: