ന്യൂദല്‍ഹി: രാജ്യത്ത് ചരിത്രത്തിലാദ്യമായി കഴിഞ്ഞ വര്‍ഷം മൊബൈല്‍ പേയ്മെന്റുകള്‍ എടിഎം പണം പിന്‍വലിക്കലുകളേക്കാള്‍ വര്‍ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിന്‍ടെക്കിന്റെ നേതൃത്വ ഫോറമായ ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടുദിവസത്തെ സമ്മേളനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
കറന്‍സിയുടെ ചരിത്രം വമ്പിച്ച പരിണാമമാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ബാങ്കുകള്‍ ഇതിനകം തന്നെ ഒരു യാഥാര്‍ത്ഥ്യമാണ്, ഒരു ദശാബ്ദത്തിനുള്ളില്‍ ഇത് സാധാരണമായേക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യക്ക് കീഴിലുള്ള പരിവര്‍ത്തന സംരംഭങ്ങള്‍ പ്രയോഗിക്കാന്‍ നൂതനമായ ഫിന്‍ടെക് പരിഹാരങ്ങള്‍ക്കായി വാതിലുകള്‍ തുറന്നിരിക്കുന്നു. ഈ ഫിന്‍ടെക് സംരംഭങ്ങളെ ഒരു ഫിന്‍ടെക് വിപ്ലവമാക്കി മാറ്റാനുള്ള സമയമിതാണ്. രാജ്യത്തെ ഓരോ പൗരന്റെയും സാമ്പത്തിക ശാക്തീകരണം കൈവരിക്കാന്‍ സഹായിക്കുന്ന വിപ്ലവമാണിത്. 2014ല്‍ ബാങ്ക് അക്കൗണ്ടുകള്‍ 50 ശതമാനത്തില്‍ താഴെയായിരുന്നത് കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ 430 ദശലക്ഷം ജന്‍ധന്‍ അക്കൗണ്ടുകളോടെ അത് സാര്‍വത്രികമാക്കിയെന്ന് മോദി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം 1.3 ബില്യണ്‍ ഇടപാടുകള്‍ നടത്തിയ 690 ദശലക്ഷം റുപേ കാര്‍ഡുകള്‍ പോലുള്ള സംരംഭങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. ഗിഫ്റ്റ് സിറ്റി കേവലം ഒരു പരിസരമല്ല, അത് ഇന്ത്യയെ പ്രതിനിധീകരിക്കുന്നതാണ്. ധനം ഒരു സമ്പദ്വ്യവസ്ഥയുടെ ജീവരക്തമാണെന്നും സാങ്കേതികവിദ്യ അതിന്റെ വാഹകമാണെന്നും അന്ത്യോദയയും സര്‍വോദയയും കൈവരിക്കുന്നതിന് രണ്ടും ഒരുപോലെ പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റിയാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. എഴുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: