തിരുവനന്തപുരം : ജനസേവനമാണ് ചെയ്യുന്നതെന്ന ബോധം ജീവനക്കാര്‍ക്ക് വേണം. തദ്ദേശ സ്വയംഭരണ ജീവനക്കാരില്‍ നിന്ന് ജനങ്ങള്‍ക്ക് ആരോഗ്യപരമായ സമീപനം ഉണ്ടാകുന്നില്ലെന്ന് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്പ്പറേഷന് സ്റ്റാഫ് യൂണിയന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിച്ചത്.
ആരും വ്യക്തിപരമായ ഔദാര്യത്തിന് വേണ്ടി വരുന്നവരല്ല. അവരുടെ അവകാശത്തിന് വേണ്ടിയാണ് വരുന്നതെന്ന് ഓര്‍ക്കണം. കസേരയിലിരിക്കുന്നത് ജനങ്ങളെ വിഷമിപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ അല്ല. ജനസേവനമാണ ചെയ്യുന്നതെന്ന ബോധം വേണം. എല്ലാ ജീവനക്കാരും ഇത്തരത്തിലാണെന്ന് പറയുന്നില്ല. ഇത്തരത്തിലുള്ളവരും സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ പൊതു സ്വഭാവത്തിന് ചേരാത്ത കടുത്ത ദുഷ്പ്രവണതകള്‍ നിലനില്ക്കുന്നു എന്നതാണ് വസ്തുത. ഇതില്‍ നിന്ന് എങ്ങനെ മുക്തി നേടുമെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുവദിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പറ്റില്ലെന്ന് തന്നെ പറയണം. എന്നാല്‍ അനുവദിക്കാവുന്ന കാര്യങ്ങളിലും വിമുഖത സ്വീകരിക്കുന്നത് ശരിയല്ല.
സര്‍ക്കാര്‍ ഓഫീസുകളില്‍ വന്ന് തിക്താനുഭവങ്ങളുമായി തിരികെ പോകുന്നവരുണ്ട്. ആവശ്യങ്ങള്‍ക്കായി നിരവധി തവണ മുട്ടിയിട്ടും വാതില്‍ തുറക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കുകയും തിരുത്തുകയും വേണം. ഇത്തരം ഉദ്ദേശങ്ങള്‍ക്കായല്ല കസേരയിലിരിക്കുന്നത്. അങ്ങനെ ഇരിക്കുന്നവര്‍ക്ക് ഒരു ഘട്ടത്തില്‍ പിടിവീഴും. പിന്നെ അവരുടെ താമസം എവിടെ ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
അഴിമതി കുറഞ്ഞ നാടാണ് നമ്മുടേത്. എന്നാല്‍ അഴിമതി തീരെ ഇല്ലാത്ത നാടാവുകയാണ് നമ്മുടെ ആവശ്യം. ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിലുള്ള ആയിരം ആളുകള്‍ക്ക് അഞ്ച് തൊഴില്‍ എന്നത് സര്‍ക്കാര്‍ നിലപാടാണ്. അത് പ്രഖ്യാപനത്തില്‍ കിടക്കേണ്ടതല്ല നടപ്പാക്കണം. കുറെ ആളുകള്‍ക്ക് തൊഴില്‍ നല്കാന് വരുന്നവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് നമ്മുടെ ബാധ്യത.
നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തി നിങ്ങളിരിക്കുന്ന കസേരയുടെ ഭാഗമായിട്ടാണെന്ന കാര്യം ഓര്‍മവേണം. ആളുകളെ ഉപദ്രവിക്കാനല്ല ചുമതല നിര്‍വഹിക്കുന്നത്. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളില്‍ ഉടക്കിടാന്‍ പാടില്ല. ഇത്തരം കാര്യങ്ങളില്‍ കൃതൃമായ സമീപനം സ്വീകരിച്ച് പോകാനാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: