ന്യൂദല്‍ഹി: ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡീഷയിലെ പുരിയില്‍ നാളെ ജവാദ് പൂര്‍ണമായും തീരം തൊടും. ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളില്‍ നിലവില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് തീരദേശ ജില്ലകളായ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളെ ഈ മൂന്ന് ജില്ലകളിലും വിന്യസിച്ചിട്ടുണ്ട്.
തമിഴ്നാടിന്റെ തീരദേശ ജില്ലകളായ കന്യാകുമാരി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുണ്ട്. ഈറോഡ്, സേലം, നാമക്കല്‍, തിരുപ്പൂര്‍ ജില്ലകളില്‍ നാളെ മഴയുണ്ടാകും. പശ്ചിമ ബംഗാളിന്റെ തെക്കന്‍ ഭാഗത്തും അതിശക്തമായ കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി തീരപ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ടീമുകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കോസ്റ്റ് ഗാര്‍ഡിന് നല്‍കിയിട്ടുണ്ട്. നൂറുകണക്കിന് മത്സ്യബന്ധന ബോട്ടുകളെ ഹാര്‍ബറുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ മൂന്ന് ദിവസത്തെക്ക് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന പ്രദേശങ്ങളിലും വടക്ക് ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍ തീരങ്ങളിലും മണിക്കൂറില്‍ 100 മുതല്‍ 110 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലവസ്ഥക്കും ഇന്ന് സാധ്യതയുണ്ട്. നാളെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന പ്രദേശങ്ങളിലും ഒഡിഷ, വെസ്റ്റ് ബംഗാള്‍ തീരങ്ങളിലും മണിക്കൂറില്‍ 60 മുതല്‍ 70 കി. മീ വരെ വേഗതയിലും ചിലവസരങ്ങളില്‍ 80 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: