തിരുവനന്തപുരം: സിപിഎം ലോക്കല്‍ സെക്രട്ടറി കൊല്ലപ്പെട്ട കേസ് രാഷ്ട്രീയ വത്കരിക്കാന്‍ വീണ്ടും സിപിഎം ശ്രമം. അന്വേഷണം തീരുംമുന്പേ കൊലപാതകത്തില്‍ ആര്‍എസ്എസിന് ബന്ധമില്ലായെന്ന് പോലീസ് പറയരുതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
കൊലപാതക സംഘങ്ങളെ ഒറ്റപ്പെടുത്തി അവരെ അമര്‍ച്ച ചെയ്യാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം. പത്തനംതിട്ട ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു.
പി.ബി.സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ നാലു പേരില്‍ മൂന്നു പേരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞിരുന്നു. ഡിവൈഎഫ്ഐ ഗൂണ്ടാ സംഘത്തില്‍ പെട്ട് മറ്റു കേസുകളില്‍ മുന്‍പും ജയിലില്‍ കിടന്നിട്ടുള്ളവരാണ് കണ്ണൂര്‍ മരുതുംപാടി കുന്നില്‍ ഹൗസില്‍ മൊയ്തീന്റെ മകന് മുഹമ്മദ് ഫൈസല്‍, ചങ്ങനാശ്ശേരി പായിപ്പാട് കൊച്ചുപറമ്പ് വീട്ടില്‍ പ്രമോദ് പ്രസന്നന്, വേങ്ങല്‍ പടിഞ്ഞാറത്തുണ്ടിയില്‍ പി.എ. നന്ദുകുമാര്‍ എന്നിവര്‍.
അറസ്റ്റിലായ ജിഷ്ണു മാത്രമാണ് യുവമോര്‍ച്ചയുടെ മുന്‍ പ്രവര്ത്തകന്. ജിഷ്ണു മുഹമ്മദ് ഫൈസലിനെ ജയിലില്‍ വച്ചാണ് പരിചയപ്പെട്ടത്. തികച്ചും വ്യക്തിവിരോധമാണ് കൊലയ്ക്കു പിന്നിലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ, സംഭവത്തിന്റെ ഉത്തരവാദിത്വം ആര്‍എസ്എസിനു മേല്‍ കെട്ടിവയ്ക്കാനുള്ള സിപിഎം നീക്കം പാടെ പൊളിഞ്ഞു. സിപിഎം ഗൂണ്ട സംഘമാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊന്നതെന്ന വിവരം പുറത്തുവന്നതോടെ സിപിഎം പ്രദേശിക നേതൃത്വവും ഞെട്ടലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: