ന്യൂദല്‍ഹി: ഊര്‍ജ്ജസ്വലനും കൃത്യമായി ലക്ഷ്യം കൈവരിക്കുകയും ചെയ്യുന്ന നേതാവാണ് നരേന്ദ്രമോദിയെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി നരേന്ദ്രമോദിയെ താരതമ്യം ചെയ്ത് സംസാരിക്കുകയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. ആജ് തക്ക് ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘നരേന്ദ്രമോദിയെയും മന്‍മോഹന്‍സിങ്ങിനെയും താരതമ്യം ചെയ്യുക വിഷമമാണ്. ഇരുകൂട്ടരും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഊര്‍ജ്ജസ്വലനും കൃത്യമായ ലക്ഷ്യങ്ങള്‍ കൈവരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ്.’- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
കഴിഞ്ഞ നാല് മാസത്തെ എന്റെ അനുഭവങ്ങള്‍ നോക്കിയാല്‍ ഇവിടെ കൃത്യമായ ലക്ഷ്യം കൈവരിക്കുന്ന ഉല്പാദനക്ഷമതയോടുകൂടിയ സംവിധാനമാണുള്ളത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കും മുന്‍പ് ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയമുള്ള എന്നെപ്പോലുള്ളവര്‍ക്ക് ഇപ്പോള്‍ സ്വയം കഴിവ് തെളിയിക്കാന്‍ സുവര്‍ണ്ണാവസരമാണ് ലഭിച്ചിരിക്കുന്നത്,’- ജ്യോതിരാദിത്യസിന്ധ്യ പറഞ്ഞു.
ബിജെപിയ്ക്ക് പുറത്ത് നിന്ന് വന്ന് ഉയര്‍ന്ന നിലയില്‍ ഇരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിലെ മന്ത്രിമാരിലൊരാളാണ് ജ്യോതിരാദിത്യ സിന്ധ്യ. മന്മോഹന്സിങ്ങിനൊപ്പവും സ്വതന്ത്രച്ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്ന വ്യക്തിയാണ് ജ്യോതിരാദിത്യസിന്ധ്യ. 2020ലാണ് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്. 2021 ജൂലായിലാണ് കേന്ദ്രമന്ത്രിയായത്.
കോണ്‍ഗ്രസ് വിടാനുണ്ടായ കാരണം ചോദിച്ചപ്പോള്‍ സിന്ധ്യയുടെ മറുപടി ഇതായിരുന്നു: ‘ചേരുന്നതിനും പിരിഞ്ഞുപോകുന്നതിനും കൃത്യമായ അഭിമുഖങ്ങളൊന്നുമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്’. കൃത്യമായ യോഗ്യത ആവശ്യമില്ലാത്ത, ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറിവരികയും ഇറങ്ങിപ്പോവുകയും ചെയ്യാവുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നായിരുന്നു സിന്ധ്യ അര്‍ത്ഥമാക്കിയത്. സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മധ്യപ്രദേശില്‍ നിലംപൊത്തി. ഏകദേശം 25 കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിന്ധ്യയോടൊപ്പം ബിജെപിയില്‍ എത്തി.
ഉപതിരഞ്ഞെടുപ്പില്‍ സിന്ധ്യയുടെ കൂടെയുണ്ടായിരുന്ന മിക്ക എംഎല്‍എമാരും വിജയിച്ചു. ഇതില്‍ ചിലര്‍ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരില്‍ മന്ത്രിമാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: