ഇസ്ലാമബാദ് : മൂന്ന് മാസമായി ശമ്പളം മുടങ്ങിയതില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിഹസിച്ച് വീഡിയോയുമായി സെര്‍ബിയയിലെ പാക് എംബസ്സി. ജീവനക്കാരുടെ ശമ്പളം മുടങ്ങി ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാതായതോടെയാണ് പാക് എംബസ്സി ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടത്.
ആപ്‌നെ ഘബ്‌രാനാ നഹി (താങ്കള്‍ ആശങ്കപ്പെടേണ്ടതില്ല) എന്ന പേരില്‍ ഇമ്രാന്‍ ഖാനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് വീഡിയോ. സര്‍ബിയയിലെ പാക്കിസ്ഥാന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. മാന്ദ്യം എല്ലാ അതിരുകളും ഭേദിക്കുന്നു. എത്രകാലം ഇമ്രാന്‍ ഖാന്‍ നിങ്ങളും സര്‍ക്കാര്‍ അധികാരികളും മൗനം തുടരും.
മൂന്ന് മാസത്തോളമായി തങ്ങള്‍ ശമ്പളം ഇല്ലാതെയാണ് ജോലി നോക്കുന്നത്. ഞങ്ങളുടെ കുട്ടികളെ ഫീസ് അടയ്‌ക്കാത്തതിന് സ്‌കൂളിന് പുറത്താകും. ഇതാണോ പുതിയ പാക്കിസ്ഥാന്‍ എന്നും വീഡിയോയിലൂടെ ചോദിക്കുന്നുണ്ട്. ഇതേ ട്വീറ്റിന് രണ്ടാമത് നല്‍കിയ റിപ്ലേയില്‍ മറ്റ് വഴികള്‍ ഇല്ലാതെയാണ് ഇത് ചെയ്തതെന്നും, ക്ഷമിക്കണമെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ 11.26നാണ് ഈ ട്വീറ്റ് ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ എംബസ്സിയുടെ നടപടിയെ പിന്തുണച്ച് നിലവധിയാളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ വീഡിയോയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ പൗരന്മാരും ഈ ട്വീറ്റിന് മറുപടി നല്‍കുന്നുണ്ട്.
അന്താരാഷ്‌ട്ര തലത്തില്‍ തന്നെ പാക്കിസ്ഥാന് നാണക്കേട് ഉണ്ടാക്കുന്നതാണ് എംബസ്സിയുടെ ഈ നടപടി. ഇത് വിവാദമായതോടെ ട്വിറ്ററില്‍ നിന്നും ആ വീഡിയോ പിന്‍വലിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: