എ. ഷാജഹാന്
ജനഹിതമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. ഹിതപരിശോധന വഴി ഇന്ത്യന്‍ ജനാധികാര ശക്തി തങ്ങളുടെ അധീശത്വം അരക്കിട്ടുറപ്പിക്കുന്ന സംവിധാന ക്രമമാണ് തെരഞ്ഞെടുപ്പുകള്‍. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പിന് തുല്യമായ പ്രാധാന്യമാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ക്കും. താഴെത്തട്ടിലേക്ക് അധികാരമെത്തിക്കാനും പ്രാദേശികതല ആവശ്യങ്ങളും പരിഗണനകളും ചര്‍ച്ച ചെയ്ത് പദ്ധതികള്‍ക്കും ക്ഷേമപരിപാടികള്‍ക്കും രൂപം നല്കി നടപ്പാക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിന് ശ്രേണീബന്ധമായ ഭരണകൂടവ്യവസ്ഥ സൃഷ്ടിക്കാനും ഭരണഘടനാ ശില്പികള്ക്കും ഭരണകര്‍ത്താക്കള്‍ക്കും കഴിഞ്ഞു.
വോട്ടുരേഖപ്പെടുത്താന്‍ മാത്രമല്ല, തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് ഭരണസംവിധാനത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഓരോ പൗരനും ഭരണഘടന അവസരം നല്കുന്നു. വോട്ട് ഒരേ സമയം നമ്മുടെ അവകാശവും ശക്തിയുമാകുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 73,74 ഭേദഗതികള്‍ വഴിയാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് അധികാരം വികേന്ദ്രീകരിച്ചത്. ഗ്രാമീണ തലത്തില്‍ ത്രിതല സംവിധാനങ്ങളായ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും നഗരതലത്തില്‍ മുന്‍സിപ്പാലിറ്റികളും, കോര്‍പ്പറേഷനുകളും, ആസൂത്രണ പ്രക്രിയക്ക് ചുക്കാന്‍ പിടിക്കുന്ന ജില്ലാ ആസൂത്രണ സമിതി അംഗങ്ങളെയും മേധാവികളെയും വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുക്കുക, മേല്‍നോട്ടം വഹിക്കുക ഇതിനെല്ലാമുള്ള സ്വതന്ത്ര സംവിധാനമായിട്ടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ളത്.
കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാപിതമായത് 1993 ഡിസംബര്‍ മൂന്നിനാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 243k, 243 ZA എന്നീ അനുഛേദങ്ങള്‍ പ്രകാരം സംസ്ഥാനത്തെ ഗ്രാമ, നഗരതലത്തിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സമ്മതിദായക പട്ടികകള്‍ തയ്യാറാക്കുന്നതിന്റെയും തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന്റെയും മേല്‍നോട്ടം, നിര്‍ദ്ദേശം, നിയന്ത്രണം എന്നിവ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തമാണ്.
ചുമതലകള്‍
പാര്‍ലമെന്ററ്, അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുള്ള അധികാരവും പദവിയും തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വ്വവും സുതാര്യവുമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. സംസ്ഥാന സര്‍ക്കാര്‍, കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തനത്തിനാവശ്യമായ സ്റ്റാഫ്, ഫണ്ട് തുടങ്ങിയവ അനുവദിക്കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് അര്‍ദ്ധ-ജുഡീഷ്യല്‍, അര്‍ദ്ധ-നിയമനിര്‍മ്മാണ, ഭരണനിര്‍വ്വഹണ അധികാരങ്ങളുള്ള ഭരണഘടനാ സ്ഥാപനമാണ്.
ഭരണഘടനയിലെ പ്രസക്ത വകുപ്പുകള്‍, 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, 1994-ലെ കേരള മുന്‍സിപ്പാലിറ്റി ആക്ട്, 1999-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ (കൂറുമാറ്റം നിരോധിക്കല്‍) ആക്ട്, അനുബന്ധചട്ടങ്ങള്‍ എന്നിവയില്‍ വ്യവസ്ഥ ചെയ്യുന്ന അധികാരങ്ങളും ചുമതലകളുമാണ് കമ്മീഷന് നിര്‍വഹിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ മണ്ഡലങ്ങളും സ്ഥാനങ്ങളും നിശ്ചയിക്കല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍പട്ടിക തയ്യാറാക്കല്‍/പുതുക്കല്‍, ഈ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍, അദ്ധ്യക്ഷന്‍, ഉപാദ്ധ്യക്ഷന്‍, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങള്‍, ചെയര്മാന്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ്, അവിശ്വാസ പ്രമേയ നടപടികളുടെ മേല്‍നോട്ടം എന്നിവ കമ്മീഷന് നിര്‍വഹിക്കുന്നു. സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീര്‍പ്പു കല്പ്പിക്കുന്നു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, അദ്ധ്യക്ഷന്‍, ഉപാദ്ധ്യക്ഷന്‍ എന്നിവരുടെ രാജി, അംഗങ്ങളുടെ അയോഗ്യത, കൂറുമാറ്റം എന്നിവ സംബന്ധിച്ച തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നു. ഗ്രാമസഭ/ വാര്‍ഡുസഭകള്‍ വിളിച്ചുകൂട്ടുന്നതില്‍ വീഴ്ച വരുത്തുക, പഞ്ചായത്ത്/മുനിസിപ്പല്‍ കമ്മിറ്റിയുടെയോ സ്റ്റാന്റിംഗ് കമ്മിറ്റികളുടേയോ യോഗങ്ങളില്‍ തുടര്‍ച്ചയായി ഹാജരാകാതിരിക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ദുര്‍വിനിയോഗം ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ അംഗങ്ങളെ അയോഗ്യരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഡീലിമിറ്റേഷനു വേണ്ടി രുപീകരിക്കുന്ന ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ചെയര്‍മാര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറാണ്.
എം.എസ്.കെ.രാമസ്വാമിയാണ് ആദ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍. തിരുവനന്തപുരത്ത് വികാസ് ഭവനും നിയമസഭാ മന്ദിരത്തിനും സമീപത്തായി നിര്‍മ്മിച്ച കമ്മീഷന്റെ ആസ്ഥാന മന്ദിരം കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് 1995 ലാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് നടത്തിയത്. 2020 ഡിസംബറില്‍ കൊവിഡ് പഞ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് വെല്ലുവിളികള്‍ക്കിടയിലും സമാധാനപരമായി നടത്താനായി.
നൂതന പരിഷ്കാരങ്ങള്‍
വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ നിഷ്പക്ഷവും സുതാര്യവും സ്വതന്ത്രവുമാക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന് നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി വിവിധ പ്രവത്തനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. ഇലക്ട്രല്‍ റോള്‍ മാനേജ്മെന്റ് സിസ്റ്റം, പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിനായുള്ള ഇ-ഡ്രോപ്പ്, തെരഞ്ഞെടുപ്പ് ഫലം ലഭ്യമാക്കുന്ന ട്രെന്‍ഡ്, വോട്ടെടുപ്പ് പ്രക്രിയ നിരീക്ഷിക്കുന്നതിനുള്ള പോള്‍ മാനേജര്‍, തുടങ്ങിയ സോഫ്റ്റ്വെയറുകള് കമ്മീഷന് പ്രാബല്യത്തിലാക്കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകളുടെ പ്രസക്തഭാഗങ്ങള്‍, സ്ഥാനാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഡയറക്ടറി തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുള്ള ഇലക്ഷന് ഗൈഡും, പരിശീലനത്തിനും യോഗങ്ങള്‍ക്കുമായി വീഡിയോ കോണ്‍ഫറന്‍സ് സൗകര്യവും കമ്മീഷന്റെ പുതിയ സംരംഭങ്ങളാണ്. കമ്മീഷന്റെ വിവിധ വെബ് സൈറ്റുകള്‍ ഏകീകരിച്ച് പുതുക്കിയ വെബ്സൈറ്റ് ഉടന്‍ നിലവില്‍ വരും. മൊബൈല്‍ ആപ്പുകളും തയ്യാറാക്കുന്നുണ്ട്. ഇതുവഴി തെരഞ്ഞെടുപ്പ് പ്രക്രിയയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ലളിതവും കുറ്റമറ്റതുമാക്കാന്‍ സാധിക്കും. തെരഞ്ഞെടുപ്പിനും മറ്റ് വികസന ആവശ്യങ്ങള്‍ക്കും കൃത്യതയുള്ള ഭൂപടങ്ങള്‍ അനിവാര്യമാണ്. സര്‍വ്വെ വകുപ്പ് മുഖാന്തരം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2010-ലെയും 2015-ലെയും ഡീലിമിറ്റേഷന്‍ കമ്മീഷനുകള്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ക്ക് അനുസൃതമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഐ.കെ.എമ്മുമായി ചേര്‍ന്ന് കേരള സംസ്ഥാന ഐടി മിഷന്റെ സാങ്കേതിക സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ ഭൂപടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. വാര്‍ഡുകളുടെ അതിര്‍ത്തികളും കൃത്യമായി ഈ ഡിജിറ്റല്‍ ഭൂപടങ്ങളിലേക്ക് രേഖപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങി. 18 വയസ് കഴിഞ്ഞ മുഴുവന്‍ യോഗ്യരായ വോട്ടര്‍മാരേയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും പരമാവധി പോളിംഗ് ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികളെടുക്കും. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നടത്തുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കും.
നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയിരുന്നു. കമ്മീഷന് ലഭിച്ച നിര്‍ദ്ദേശങ്ങളില്‍ പ്രായോഗികമായവ ചര്‍ച്ച ചെയ്ത് പ്രവൃത്തിപഥത്തിലെത്തിക്കും.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയ്ക്കും സാമൂഹ്യനീതിക്കും അടിസ്ഥാനം പ്രായപൂര്‍ത്തി വോട്ടവകാശമാണ്. ഇത് നേടുന്നതിനും ഫലപ്രദമായി വിനിയോഗിക്കുന്നതിനുമുള്ള വിവേകം വോട്ടര്‍മാര്‍ പ്രകടിപ്പിക്കുന്നതു വഴിയാണ് ജനാധിപത്യം ശക്തിപ്പെടുന്നത്. ഇക്കാര്യത്തില്‍ ഭരണഘടനയുടെ അടിത്തറയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണം ഉറപ്പുവരുത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിജ്ഞാബദ്ധമാണ്.
(സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: