ന്യൂദല്‍ഹി: ശബരി റെയില്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചതിനുശേഷം മാത്രമെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്. ഇതുവരെ 70 കി. മീ പാതയുടെ എസ്റ്റിമേറ്റ് മാത്രമേ കേരള റെയില്‍വെ ഡെവലപ്മെന്റ് കോര്പറേഷന് റെയില്‍വേയ്ക്ക് സമര്‍പ്പിച്ചിട്ടുള്ളൂ. പദ്ധതി അനിശ്ചിതമായി നീളുന്നത് സംസ്ഥാനത്തിന്റെ താത്പര്യക്കുറവ് മൂലമാണെന്നും ലോകസഭയില്‍ അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് നല്കിയ മറുപടിയില്‍ പറഞ്ഞു.
പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത് റെയില്‍വേ ഫണ്ട് കൊണ്ട് മാത്രം സാധ്യമല്ലെന്ന് റെയില്‍വെ കേരള സര്‍ക്കാരിനോട് പലതവണ കത്തുകളിലൂടെ അറിയിച്ചു. 2015 നവംബര്‍ 27ന് പദ്ധതിയുടെ 50 ശതമാനം ചെലവ് പങ്കിടാന്‍ കേരളം സമ്മതിച്ചു. 2016 സപ്തംബര്‍ ഒന്നിന് ധാരണാപത്രവും ഒപ്പുവച്ചു.
എന്നാല്‍ തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്മാറി, മന്ത്രി വിശദീകരിച്ചു. 2017 ഡിസംബറില്‍ പദ്ധതി ചെലവ് പങ്കിടല്‍ അടിസ്ഥാനത്തില്‍ ഏറ്റെടുക്കാമെന്ന് റെയില്‍വെ വീണ്ടും തീരുമാനിച്ചു. ഈ ആവശ്യമുന്നയിച്ച് സംസ്ഥാനത്തിന് കത്തയച്ചു. എന്നാല്‍ അനുകൂല പ്രതികരണം ഉണ്ടായില്ല. സമ്പൂര്‍ണ്ണ പ്രൊജക്ടിന്റെ പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചതിന് ശേഷം മാത്രമേ പദ്ധതിയുടെ അന്തിമ തീരുമാനമെടുക്കൂവെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: