ന്യൂദല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ആരുടേയും ദൈവീകമായ അവകാശമല്ലെന്ന് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ട്വിറ്ററിലൂടെയാണ് പ്രശാന്ത് കിഷോറിന്റെ വിമര്‍ശനം.
കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന ആശയവും ഇടവും ശക്തമായ പ്രതിപക്ഷത്തിന് അത്യന്താപേക്ഷിതമാണ്. എങ്കിലും, കോണ്‍ഗ്രസ് നേതൃത്വം എന്നത് ഒരു വ്യക്തിക്ക് ദൈവീകമായി ലഭിച്ച അവകാശമല്ല, പത്ത് വര്‍ഷത്തിനിടെ 90% തെരഞ്ഞെടുപ്പുകളും പരാജയപ്പെട്ടു നില്ക്കുമ്പോള് പ്രത്യേകിച്ചും. പ്രതിപക്ഷ നേതൃസ്ഥാനം ജനാധിപത്യപരമായി തീരുമാനിക്കപ്പെടട്ടെ’ എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ ട്വീറ്റ്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും കഴിഞ്ഞദിവസം രാഹുലിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരാള്‍ ഒന്നും ചെയ്യാതിരിക്കുകയും പാതിയിലേറെ സമയം വിദേശത്തുമാണെങ്കില്‍ എങ്ങനെയാണ് അയാള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാവുക എന്നായിരുന്നു മമതയുടെ ചോദ്യം. രാഷ്ട്രീയത്തിന് നിരന്തര കഠിനാധ്വാനം അത്യാവശ്യമാണെന്നും മമത പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് പ്രശാന്ത് കിഷോറും ട്വിറ്ററിലൂടെ പരോക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.
അതേസമയം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുന്നതാണ് മമതയുടെ നിലപാടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു. പ്രതിപക്ഷ ഐക്യം മുന്‍ നിര്‍ത്തി ടിഎംസി നടത്തുന്ന പ്രകോപന നീക്കങ്ങളോട് സഹിഷ്ണുതയായിരുന്നു ഇതുവരെയുള്ള കോണ്‍ഗ്രസ് നയം. എന്നാല്‍ യുപിഎ ഇല്ലാതായെന്ന മമതയുടെ പരാമര്‍ശത്തോടെ തിരിച്ചടിക്കാന്‍ തന്നെയാണ് ബുധനാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: