കൊച്ചി : മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാന്‍ ഒരുങ്ങി പോലീസ്. കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചന് മയക്കുമരുന്ന് ബന്ധങ്ങളുണ്ടെന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. സൈജുവിന്റെ ലഹരിമരുന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ക്കെതിരേയും നടപടികള്‍ ഉണ്ടാകും.
സൈജുവിന്റെ മൊബൈലില്‍ നിന്നും കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സൈജുവിന്റെ ഫോണില്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘം ചേര്‍ന്ന് കഞ്ചാവ്, എംഡിഎംഎ, സ്റ്റാമ്പ് എന്നിവ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. വീഡിയോയില്‍ ഉള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെല്ലാം പോലീസ് നിരീക്ഷണത്തിലാണ്.
മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് സൈജു ചാറ്റ് ചെയ്ത ആളുകളോട് അന്വേഷണ സംഘം ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് സൈജുവിന്റെ സാന്നിധ്യത്തില്‍ ഇവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. ഇതിനായി നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. സൈജുവിന്റെ വാട്സ്ആപ്പ് ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം എന്നീ അക്കൗണ്ടുകളും സൈബര്‍ സെല്‍ പരിശോധിക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.
മോഡലുകള്‍ അപകടത്തില്‍ മരിച്ച അന്നുരാത്രി ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലില്‍ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ നിന്ന് ഇറങ്ങിയ അന്‍സിയെയും അഞ്ജനയെയും സൈജു കാറില്‍ പിന്തുടര്ന്നു. കുണ്ടന്നൂരില്‍ വച്ച് അവരുടെ കാര്‍ സൈജു തടഞ്ഞുനിര്‍ത്തി. അവിടെവച്ചും തര്‍ക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടര്ന്നപ്പോഴാണ് അതിവേഗത്തില്‍ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: