ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാധ്യമങ്ങളില്‍ പുകഴ്ത്തിയതിന്റെ പേരില്‍ അലിഗഡ് മുസ്ലീം സര്‍വകലാശാല (എഎംയു) വിദ്യാര്‍ത്ഥിയുടെ പിഎച്ച്ഡി ബിരുദം തിരിച്ചെടുത്തത് വിവാദത്തില്‍.ഡാനിഷ് റഹീം എന്ന വിദ്യാര്‍ത്ഥിയാണ് സര്‍വകലാശാലയക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ഭാഷാശാസ്ത്രത്തില്‍ നേടിയ പിഎച്ച്ഡി ബിരുദം തിരികെ നല്‍കാനും പകരം ലാംഗ്വേജ് ഇന്‍ അഡ്വര്‍ടൈസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് (ലാം) കോഴ്സ് നേടാനുമാണ് സര്‍വകലാശാല അധികൃതകര്‍ ആവശ്യപ്പെട്ടത്. ഞാന്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചതുകൊണ്ടാണ് എനിക്ക് ഇത് സംഭവിക്കുന്നത്. ഒരു വാര്‍ത്താ ചാനലില്‍ ബൈറ്റ് നല്‍കുന്നതിനിടെ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചതിന് ഭാഷാശാസ്ത്ര വകുപ്പ് ചെയര്മാന് തന്നെ ശാസിച്ചതായും ഡാനിഷ് റഹിം ആരോപിച്ചു.
യൂണിവേഴ്സിറ്റിയുടെ സംസ്കാരത്തിന് വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തന്നോട് ആവശ്യപ്പെട്ടതായി റഹീം അവകാശപ്പെട്ടു. വലതുരാഷ്ട്രീയം കൊണ്ടു നടക്കരുതെന്നും നടപടി ആവര്‍ത്തിച്ചാല്‍ എനിക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറയുന്നു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഡാനിഷ് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
പിഎച്ച്ഡി ബിരുദം നേടാന്‍ ഞാന്‍ 5 വര്‍ഷത്തെ കഠിനാധ്വാനം ചെയ്തതാണ്. 138 കോടി ഇന്ത്യക്കാരുടെ പ്രധാനമന്ത്രിയെ പുകഴ്ത്തിയതിന്റെ പേരില്‍ എങ്ങനെയാണ് ബിരുദം നിഷേധിക്കുകയെന്നും ഡാനിഷ്.
അതേസമയം, അലിഗഡ് മുസ്ലീം സര്‍വകലാശാല ഡാനിഷിന്റെ അവകാശവാദങ്ങളെല്ലാം നിഷേധിച്ചു. ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. സാങ്കേതികമായ തെറ്റ് സംഭവിച്ചതിനാലാണ് ഡാനിഷിന് ഭാഷാശാസ്ത്രത്തില്‍ പിഎച്ച്ഡി നല്‍കിയതെന്നും അതിനാല്‍ അതു തിരുത്തി മറ്റൊരു കോഴ്സ് കൂടി പഠിക്കണമെന്നാണ് നിര്‍ദേശിച്ചതെന്നും സര്‍വകലാശാല വക്താവ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: