തിരുവനന്തപുരം: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യ്ത ‘കടുവ’ യുടെ ടീസര്‍ റിലീസായി. കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. 56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജിനു വി. എബ്രഹാം ആണ് തിരക്കഥ. യഥാര്‍ഥ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് കടുവ വരുന്നത്. കുരുതിക്ക് ശേഷം സുപ്രിയാ മേനോന് നിര്‍മ്മിക്കുന്ന ചിത്രം കൂടെയാണ് കടുവ.
2019ല്‍ പൃഥ്വിരാജിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. രവി കെ. ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മൈ നെയിം ഈസ് ഖാന്, ഭാരത് ആനെ നേനൂ, ആദിത്യ വര്‍മ തുടങ്ങിയ വമ്പന്‍ സിനിമകള്‍ക്കു ശേഷം രവി ക്യാമറ ചെയ്യുന്ന സിനിമയാണ് കടുവ.
പൃഥ്വിരാജിനെ കൂടാതെ സംയുക്ത മേനോന്, സീമ, വിവേക് ഒബ്റോയ്, അജു വര്‍ഗീസ്. അര്ജുന് അശോകന്, സിദ്ധിഖ് തുടങ്ങിയ വലിയ താരനിരകള്‍ തന്നെ ചിത്രത്തിലുണ്ട്. ജേക്സ് ബിജോയാണ് സംഗീതം. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ മാസ്സ് എന്റര്ടെയ്നര് ആയിരിക്കും കടുവ.
വിവേക് ഒബ്റോയി വില്ലനായാണ് എത്തുന്നത്. ജയിംസ് ഏലിയാസ് മാഞ്ഞിലേടത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് വിവേക്. മോഹന്‍ലാല്‍ നായകനാവുന്ന ആശിര്‍വാദ് ചിത്രം എലോണ്‍ ആണ് ഷാജി കൈലാസിന്റെ അടുത്ത ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: