ഒപ്പം എത്താന്‍ ആര്‍ക്കുമാകാതെ ഒരിക്കല്‍കൂടി ലയണല്‍ മെസി ലോകഫുട്ബോളിന്റെ നെറുകയില്‍. തുടര്‍ച്ചയായ രണ്ടാം തവണയും ബാലന് ഡി ഓര് പുരസ്കാരം. ആറ് എന്ന റെക്കോഡ് നേട്ടം ഇത്തവണ ഏഴാക്കി മെസിയുടെ ജൈത്രയാത്ര തുടരുന്നു.
അര്‍ജന്റീനയെ കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ നെറുകയിലെത്തിച്ചതോടെയാണ് മെസിയെ തേടി അഭിമാന പുരസ്കാരം എത്തിയത്. മെസിയുടെ ആദ്യ രാജ്യാന്തര കിരീടവുമായിരുന്നു കോപ്പ അമേരിക്ക. ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ട് ലവന്‍ഡോസ്കിയെ മറികടന്നാണ് മെസി ബാലന് ഡി ഓറിന് അര്‍ഹനായത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ശ്രദ്ധേയമായി. ബാഴ്സയില്‍ നിന്ന് കൂടുമാറി പിഎസ്ജിയിലെത്തിയ മെസിക്ക് സീസണില്‍ പറയത്തക്ക പ്രകടനം നടത്താനായിട്ടില്ല.
ബാഴ്സക്കായി കളിച്ച അവസാന സീസണില്‍ 48 മത്സരങ്ങളില്‍ നിന്ന് 38 ഗോളുകളാണ് മെസി നേടിയത്. കോപ്പ ഡെല്‍ റേ കിരീടവും സ്വന്തമാക്കി. ഈ നേട്ടവും ബാലന് ഡി ഓറിന് സഹായകമായിട്ടുണ്ട്. കൊവിഡ് വ്യാപനം മൂലം കഴിഞ്ഞ വര്‍ഷം പുരസ്കാരം നല്‍കിയിരുന്നില്ല. 2019ലും മെസി തന്നെയാണ് ജേതാവായത്. നേരത്തെ 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലും മെസി പുരസ്കാരം നേടിയിരുന്നു. ഇത്തവണ പിഎസ്ജിക്കായി 11 മത്സരങ്ങള്‍ കളിച്ച മെസിക്ക് നേടാനായത് 4 ഗോളുകള്‍ മാത്രമാണ്.
മികച്ച മുന്നേറ്റ താരമായി റോബര്‍ട്ട് ലെവന്‍ഡോസ്കിയെ തെരഞ്ഞെടുത്തു. മ്യൂണിക്കിനായി നടത്തിയ ഗോളടി മികവാണ് ലെവന്‍ഡോസ്കിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. വനിതകളില്‍ ബാഴ്സലോണയുടെ അലക്സിയ പുറ്റല്ലസ് വനിതാ ബാലന് ഡി ഓര് സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗ് നേട്ടമാണ് കരുത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: