ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ സംഘം സ്ത്രീയുടെ വീട് കൊള്ളയടിച്ചു. ചൊവ്വാഴ്ച പട്ടാപ്പകല്‍ 11.30നാണ് സംഭവം.
യശ്വന്ത്പുരയിലെ മത്തിക്കരയിലാണ് സംഭവം. രണ്ടാം നിലയില്‍ താമസിക്കുന്ന 54 കാരി പിസ്താ ദേവിയുടെ വീടാണ് പട്ടാപ്പകല്‍ കൊള്ളയടിച്ചത്. കോവിഡ് വാക്സിന് രണ്ടാം ഡോസെടുത്തോ എന്ന് തിരക്കിയാണ് ബിബിഎംപി ഉദ്യോഗസ്ഥരെന്ന ഭാവേന സംഘമെത്തിയത്. വീട്ടില്‍ അപ്പോള്‍ പിസ്താ ദേവിയും അവരുടെ 25 വയസ്സുകാരി ബന്ധുവുമാണ് ഉണ്ടായിരുന്നത്.
വീടിനുള്ളില്‍ കടന്നയുടന്‍ സംഘം പിസ്താദേവിയ്ക്ക് നേരെ തോക്കുചൂണ്ടി. സ്ത്രീയെയും ബന്ധുവായ പെണ്‍കുട്ടിയെയും ഒരു മുറിയില്‍ അടച്ചിട്ടു. ഇവരുടെ രണ്ട് സ്വര്‍ണ്ണമാലയും മറ്റ് ആഭരണങ്ങളും മോഷ്ടിച്ചു. ഇതിനിടെ ദേവിയുടെ കൊച്ചുമക്കളുടെ ടിഫിന്‍ ബോക്സെടുക്കാന്‍ ഭക്ഷണം വിതരണം ചെയ്യുന്ന ആള് പിന്‍വാതിലില്‍ എത്തി. ഇതോടെ മോഷ്ടാക്കള്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ടു. മുറിക്കുള്ളില്‍ നിന്നും സ്ത്രീകളുടെ കരച്ചില് കേട്ടതോടെ മുറി തുറന്ന് രക്ഷപ്പെടുത്തി. ദേവിയുടെ മകന് പൊലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: